ലോകം മുഴുവന്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന ഒന്നാണല്ലൊ ടൈറ്റന് സമുദ്രപേടകത്തിന്റെ തിരിച്ചു വരവ്. അറ്റ്ലാന്റിക്കില്‍ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക് കപ്പല്‍ കാണാനുള്ള യാത്രയ്ക്കിടെ ആളുകളുമായി അപ്രത്യക്ഷമാവുകയായിരുന്നു ടൈറ്റന് എന്ന അന്തര്‍വാഹിനി.
നാല് ദിവസത്തോളമായിട്ടും ഇപ്പോഴും പേടകം എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. അമേരിക്കയിലെ ഓഷന്‍ എക്സ്പഡിഷന് എന്ന കമ്പനിയാണ് ടൈറ്റാനിക് കാണാന്‍ യാത്ര സംഘടിപ്പിച്ചത്.
കമ്പനിയുടെ സ്ഥാപകന്‍ സ്റ്റോക്റ്റണ് റഷ്, ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിംഗ്, പാക് വംശജനായ ബ്രിട്ടീഷ് ബിസിനസുകാരന് ഷെഹ്സാദാ ദാവൂദ്, അദ്ദേഹത്തിന്റെ മകന് സുലൈമാന്‍, ഫ്രഞ്ച് പര്യവേക്ഷകന് പോള്‍ ഒന്റി നാഷലെറ്റ് എന്നിവരാണ് സംഘത്തിലുള്ളത്.
പക്ഷേ യാത്ര പുറപ്പെട്ട് ഒന്നേമുക്കാല്‍ മണിക്കൂറിനകം അന്തര്‍വാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. എന്നാലിപ്പോള്‍ മറ്റൊരു കാരണംകൊണ്ടും ഈ സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
അതിന് കാരണം കാണാതായ സ്റ്റോക്റ്റണ് റഷ് ആണ്. ഇദ്ദേഹത്തിന്റെ ഭാര്യ വെന്‍ഡി റഷ് 1912 ല്‍ ടൈറ്റാനിക് മുങ്ങി മരിച്ച യുഎസ് ദമ്പതികളുടെ പിന്‍ഗാമിയാണെന്ന് റിപ്പോര്‍ട്ട് ചെയ്തു.
ടൈറ്റാനിക്കില്‍ സഞ്ചരിച്ച ഏറ്റവും ധനികരായ ആളുകളില്‍ ഒരാളായ ഇസഡോര്‍ സ്ട്രോസിന്റേയും ഐഡ സ്ട്രോസിന്റേയും കൊച്ചുമകളാണത്രെ വെന്‍ഡി റഷ്.
1997 ല്‍ ജെയിംസ് കാമറൂണിന്റെ “ടൈറ്റാനിക്’ എന്ന സിനിമയിലും ഇവരെ അനുസ്മരിക്കുന്നുണ്ട്. സിനിമയിലെ ഒരു രംഗത്തില്‍ കപ്പലിലേക്ക് വെള്ളം ഇരച്ചുകയറുമ്പോള്‍ ഒരു കിടക്കയില്‍ ആലിംഗനം ചെയ്തു കിടക്കുന്ന കഥാപാത്രങ്ങളായി ഇവരെ കാട്ടുന്നുണ്ടത്രെ.
എന്തായാലും ഈ അവിചാരിത സാമ്യതയുടെ ഞെട്ടലിലാണ് സോഷ്യല്‍ മീഡിയ. അവര്‍ക്ക് സംഭവിച്ച ദുരന്തം ഇപ്പോള്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ഉണ്ടാകാതിരിക്കട്ടെ എന്നാണ് നെറ്റിസണ് പറയുന്നത്. എന്നിരുന്നാലും അതിനുള്ളില്‍ തിരച്ചില്‍ സംഘം ഇവരെ കണ്ടെത്തും എന്ന പ്രതീക്ഷ ആളുകള്വച്ചുപുലര്ത്തുകയാണ്…