കടലിനടിയിൽ 12,500 അടിയോളം താഴെ ചെന്ന് ടൈറ്റാനിക് കണ്ട് തിരികെ മുകളിലെത്താവുന്ന തരത്തിലായിരുന്നു ടൈറ്റന്റെ യാത്ര.
മികച്ച അന്തർവാഹിനികൾക്കുപോലും കടന്നുചെല്ലാവുന്നതിന്റെ ഇരട്ടിയോളം ആഴത്തിലാണു ടൈറ്റൻ പര്യടനം നടത്തുന്നത്.
സ്വകാര്യ ഉടമസ്ഥതയിലുള്ള ഏക സമുദ്രപേടകം കൂടിയാണ് ടൈറ്റൻ. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്തു കാണാമെന്നതാണ് ഈ സമുദ്രപര്യവേഷണത്തിന്റെ പ്രധാന ആകർഷണം.
2021ലായിരുന്നു യാത്രക്കാരുമായി ടൈറ്റന്റെ കന്നിയാത്ര. കഴിഞ്ഞ വർഷം 10 ഡൈവുകൾ ടൈറ്റൻ നടത്തി. എന്നാൽ, ഇവയൊന്നും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്രയായിരുന്നില്ല.
ലോഞ്ചിംഗ് പ്ലാറ്റ്ഫോമിൽനിന്ന് വേർപ്പെട്ടാൽ മണിക്കൂറിൽ നാലു കിലോമീറ്റർ വേഗത്തിലാണ് ടൈറ്റന്റെ സഞ്ചാരം. ഒരുയാത്രയിൽ ഒരു ദശലക്ഷം ഡോളറാണ് ടൈറ്റന്റെ ഇന്ധന ചെലവെന്ന് ഓഷൻഗേറ്റ് സിഇഒ സ്റ്റോക്ടൺ റഷ് കഴിഞ്ഞവർഷം പറഞ്ഞിരുന്നു.
ടൈറ്റൻ യാത്രയ്ക്ക് പ്രത്യേക പരിശീലനമില്ല. യാത്രക്കാർക്കു 18 വയസ് പ്രായമുണ്ടായിരിക്കണമെന്നും പരിമിതമായ സ്ഥലങ്ങളിൽ ഇരിക്കാൻ സാധിക്കുന്നവരായിരിക്കണമെന്നും മാത്രമാണ് വ്യവസ്ഥ.
യാത്രയ്ക്കു മുൻപ് സുരക്ഷ സംബന്ധിച്ച് ചെറിയ വിവരണവും നൽകും. ഇതിൽ കൂടുതലായി യാതൊരുവിധ സുരക്ഷാ നിർദേശങ്ങവും നൽകാറില്ല.
ടൈറ്റാനിക് ദുരന്തം 1912ൽ
1912 ഏപ്രിൽ 14നായിരുന്നു ടൈറ്റാനിക് കപ്പൽ തകർന്നു കടലിൽ മുങ്ങിയത്. 1500 ലേറെ പേരാണ് ഈ ദുരന്തത്തിൽ മരിച്ചത്. ടൈറ്റാനിക്കിന്റെ കന്നിയാത്രയിലായിരുന്നു അപകടം. ആകെ 2224 യാത്രക്കാർ ടൈറ്റാനിക്കിലുണ്ടായിരുന്നു.