തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ ഇടനിലക്കാരുടെ എണ്ണം കൂടുന്നു. പൂജപ്പുര പോലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു.
അമരവിള എൽപി സ്കൂളിലെ അറബിക് വിഭാഗം അധ്യാപകനായ ഷംനാദിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥിയിൽ നിന്നും 12 ലക്ഷം രൂപ ഷംനാദ് തട്ടിയെടുത്തെന്നാണ് കേസ്.
ഇതോടെ കന്റോണ്മെന്റ്, വെഞ്ഞാറമൂട്, പൂജപ്പുര പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ആറായി.
നേരത്തെ കേസിലെ പ്രധാന പ്രതി ദിവ്യജ്യോതിയെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ടൈറ്റാനിയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ശശികുമാരൻതന്പി, ശ്യാംലാൽ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
കേസിലെ മറ്റ് പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതികളെ താമസിയാതെ പിടികൂടുമെന്നും അന്വേഷണം ഉൗർജിതമാക്കിയെന്നും പോലീസ് പറഞ്ഞു.
ടൈറ്റാനിയത്തിലെ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. തട്ടിപ്പിന് പിന്നിൽ ഉന്നത രാഷ്ട്രീയ- ഉദ്യോഗസ്ഥ ബന്ധമുണ്ടെ ന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്.
കേസിൽ അറസ്റ്റിലായ ദിവ്യജ്യോതിയാണ് ഒഴിവുകളുണ്ടെന്ന അറിയിപ്പ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതും ഉദ്യോഗാർഥികളെ കണ്ടെത്തുന്നതും.15 മുതൽ 20 ലക്ഷം രൂപവരെയാണ് ആവശ്യപ്പെട്ടിരുന്നത്.
തലസ്ഥാനത്തെ ഹോട്ടലുകളിൽ വച്ചാണ് പണം കൈമാറിയിരുന്നത്. ടൈറ്റാനിയം പരിസരത്ത് എത്തിയാൽ ഉടൻ ഫോൺ ഓഫ് ചെയ്യാൻ ഉദ്യോഗാർഥികളോട് ആവശ്യപ്പെടും.
രണ്ടാഴ്ചയ്ക്കകം നിയമന ഉത്തരവ് കിട്ടുമെന്നായിരുന്നു വാഗ്ദാനം. മാസങ്ങൾ കഴിഞ്ഞിട്ടും ഉത്തരവ് ലഭിക്കാതായതോടെയാണ് പരാതികൾ പോലീസ് ലഭിച്ചത്.