തിരുവനന്തപുരം: ടൈറ്റാനിയം തട്ടിപ്പുകേസിൽ തന്നെ കുടുക്കുകയായിരുന്നുവെന്ന് ആരോപിച്ച് അറസ്റ്റിലായ ദിവ്യാ നായർ.
തെളിവെടുപ്പിനിടെ മാധ്യമങ്ങളോടായിരുന്നു ദിവ്യാനായർ പ്രതികരിച്ചത്. അതേസമയം തന്നെ കുടുക്കിയത് ആരാണെന്ന് ദിവ്യ പറഞ്ഞില്ല.
പ്രധാന പ്രതികളായ ശശികുമാരന് തമ്പിയുടെയും ശ്യാംലാലിന്റെയും വീട്ടില്‍ ദിവ്യയുമായി വെഞ്ഞാറമൂട് പൊലീസ് തെളിവെടുപ്പ് നടത്തുന്നതിനിടയിലായിരുന്നു ദിവ്യയുടെ പ്രതികരണം. ശ്യാംലാലിന്റെ പേരൂര്‍ക്കടയിലെ വീട്ടിലെത്തിയ പൊലീസിന് ദിവ്യയുമായി അകത്ത് കടക്കാനായില്ല. വീട്ടിൽ ആരുമില്ലാതിരുന്നതാണ് കാരണം. ശശികുമാരന് തമ്പിയും ശ്യാംലാലും ഒളിവിലാണ്.
അതേസമയം സമീപകാലത്തെ എല്ലാ നിയമനങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ടൈറ്റാനിയം എംഡിയെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ടൈറ്റാനിയം ചെയര്‍മാനുമായ മുഹമ്മദ് ഹനീഷ് ചുമതലപ്പെടുത്തി.
ഇനി മുതല്‍ ടൈറ്റാനിയത്തില്‍ നടക്കുന്ന നിയമനങ്ങളെല്ലാം പബ്ലിക്ക് എന്റര്‍പ്രൈസസ് സെലക്ഷന് ബോര്‍ഡ് വഴി മാത്രമേ നടത്തൂ എന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു.
ടൈറ്റാനിയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ചെയര്മാന് തീരുമാനം അറിയിച്ചത്.ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങുകയും ടൈറ്റാനിയത്തിലെത്തിച്ച് ഇന്റർവ്യൂ നടത്തിയ ശേഷം കബളിപ്പിച്ചുവെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം.
ടൈറ്റാനിയത്തിൽ കെമിസ്റ്റ് തസ്തികയിൽ സ്ഥിരം ജോലി വാഗാനം നൽകി 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന പിരപ്പൻകോട് സ്വദേശിനിയുടെ പരാതിയിലാണ് വെഞ്ഞാറമൂട് പോലീസ് ദിവ്യജ്യോതിയെ അറസ്റ്റ് ചെയ്തത്.