തിരുവനന്തപുരം: ടൈറ്റാനിയം തൊഴില്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ ലഭിച്ചെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍.
തട്ടിപ്പിനായി ടൈറ്റാനിയത്തില്‍ തന്നെ ഇന്റര്‍വ്യൂ നടത്തിയതും അകത്തുള്ളവര്‍ പ്രതികളായതും കേസിന്റെ ഗൗരവം കൂട്ടുന്നുവെന്നും കമ്മീഷണർ പറഞ്ഞു.
ടൈറ്റാനിയത്തില്‍ നടന്ന പരിശോധനയിലാണ് നിർണായകമായ തെളിവുകളും രേഖകളും ലഭിച്ചത്. തട്ടിപ്പിന്റെ വ്യാപ്തി അറിഞ്ഞശേഷം അന്വേഷണം പ്രത്യേക സംഘത്തിനു കൈമാറിയേക്കും. പരാതികളുടെ എണ്ണം നോക്കിയായിരിക്കും പ്രത്യേക അന്വേഷണ സംഘം വേണമോ എന്ന് തീരുമാനിക്കുക. ഡിസിപിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
വെഞ്ഞാറമൂട് കേസുള്‍പ്പടെ ഇതുവരെ 70 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി വന്നുവെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. തിരുവനന്തപുരം നഗരത്തിൽ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 8 കേസുകള്‍ ആണ്.
കേസുമായി ബന്ധപ്പെട്ട് ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയുടെ ലാപ്ടോപ്പ് പിടിച്ചെടുത്തു. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ ലാപ്ടോപ്പിൽ നിന്ന് ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
ശശികുമാരൻ തമ്പിയുടെ ടൈറ്റാനിയത്തിലെ ഓഫിസ് മുറിയിൽ പോലീസ് ഇന്നലെ രണ്ട് പ്രാവശ്യമാണ് പരിശോധന നടത്തിയത്. ശശികുമാരൻ തമ്പിയെ കഴിഞ്ഞ ദിവസം ടൈറ്റാനിയത്തിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഇയാൾ ഇപ്പോൾ ഒളിവിലാണ്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ടൈറ്റാനിയം ചെയർമാനുമായ മുഹമ്മദ് ഹനീഷ് ഇന്ന് ടൈറ്റാനിയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
പോലീസ് കസ്റ്റഡിയിൽ ഉള്ള പ്രധാന ഇടനിലക്കാരി ദിവ്യ ജ്യോതി എന്ന ദിവ്യ നായരെയും കൊണ്ട് വെഞ്ഞാറമൂട് പോലീസ് തെളിവെടുപ്പ് നടത്തും.
ടൈറ്റാനിയത്തിലെ ഡപ്യൂട്ടി ജനറൽ മാനേജർ ശശികുമാരൻ തമ്പി, ദിവ്യജ്യോതി, ഭർത്താവ് രാജേഷ്, ഇടനിലക്കാരൻ പ്രേംകുമാർ, മണക്കാട് സ്വദേശി സി.എസ്.ശ്യാംലാൽ,എന്നിവരാണു പ്രതികൾ.
ദിവ്യജ്യോതിയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും മറ്റു പ്രതികൾ ഒളിവിലാണ്. ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങുകയും ടൈറ്റാനിയത്തിലെത്തിച്ച് ഇന്റർവ്യൂ നടത്തിയ ശേഷം കബളിപ്പിച്ചുവെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം.
ടൈറ്റാനിയത്തിൽ കെമിസ്റ്റ് തസ്തികയിൽ സ്ഥിരം ജോലി വാഗാനം നൽകി 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന പിരപ്പൻകോട് സ്വദേശിനിയുടെ പരാതിയിലാണ് വെഞ്ഞാറമൂട് പോലീസ് ദിവ്യജ്യോതിയെ അറസ്റ്റ് ചെയ്തത്.