യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര് നാന്സി പെലോസിയുടെ തയ്വാന് സന്ദര്ശനം തീര്ത്ത അലയൊലികള് ഇതുവരെ അവസാനിച്ചിട്ടില്ല.
ചൈനീസ് പ്രതിഷേധം തുടരുന്നതിനിടെ തയ്വാന്റെ മിസൈല് വികസന പദ്ധതിക്കു നേതൃത്വം നല്കുന്ന ഉന്നത ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തി.
തയ്വാന് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള റിസര്ച് ഡെവലപ്മെന്റ് യൂണിറ്റിന്റെ ഡെപ്യൂട്ടി തലവനെയാണ് ഹോട്ടല് മുറിയില് മരിച്ച നിലയില് കണ്ടെത്തിയതെന്ന് സെന്ട്രല് ന്യൂസ് ഏജന്സി റിപ്പോര്ട്ട് ചെയ്തു.
തയ്വാന് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള നാഷനല് ചുങ്ഷാന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സ് ആന്ഡ് ടെക്നോളജിയുടെ ഉപമേധാവി ഔ യാങ് ലിസിങ്ങിനെ ദക്ഷിണ തയ്വാനിലെ പിങ്ടുങ് നഗരത്തിലെ ഒരു ഹോട്ടല് മുറിയില് ഇന്നു പുലര്ച്ചെയാണ് മരിച്ച നിലയില് കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതര് അറിയിച്ചു.
ഔദ്യോഗിക ആവശ്യത്തിനായിട്ടാണ് ഔ യാങ് പിങ്ടുങ് നഗരത്തിലേക്കു പോയതെന്നാണ് പ്രാഥമിക വിവരം.
തയ്വാന്റെ മിസൈല് പദ്ധതികളുടെ മേല്നോട്ടവും ഏകോപനവും നിര്വഹിക്കുന്ന ചുമതല ഈ വര്ഷം ആദ്യമാണ് ഇദ്ദേഹം ഏറ്റെടുത്തതെന്നും വാര്ത്താ ഏജന്സി റിപ്പോര്ട്ട് ചെയ്തു.
തയ്വാന്റെ മിസൈല് നിര്മാണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കി ഉയര്ത്താനുള്ള നടപടികള് മുന്നോട്ടു പോകുമ്പോഴാണ് നേതൃസ്ഥാനത്തുള്ള ഉദ്യോഗസ്ഥന്റെ മരണം.
ചൈനയില് നിന്നുള്ള സൈനിക വെല്ലുവിളി വര്ധിക്കുന്ന സാഹചര്യത്തില് പ്രതിരോധം ശക്തമാക്കാനാണ് തയ്വാന് മിസൈല് സംവിധാനം പരിഷ്കരിക്കുന്നത്.
നാന്സി പെലോസിയുടെ തായ് വാന് സന്ദര്ശനത്തില് പ്രകോപിതരായ ചൈന തയ് വാനെ ഉന്നമിട്ട് സൈനികാഭ്യാസം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മിസൈല് പദ്ധതിയുടെ ഉപമേധാവിയുടെ ദുരൂഹമരണം ചര്ച്ചയാവുന്നത്.