തന്റെ ഓമന മൃഗങ്ങള്‍ക്ക് ഭക്ഷണമായി നല്‍കുന്നതിനായി ആരംഭിച്ച പാറ്റ കൃഷി ഇപ്പോള്‍ തായ്വാന്‍ സര്‍വകലാശാല വിദ്യാര്‍ത്ഥിയായ ടോംഗിന് നേടികൊടുക്കുന്നത് ആയിരക്കണക്കിന് ഡോളറിന്റെ സമ്പാദ്യമാണ്. ആദ്യമൊക്കെ മൃഗങ്ങള്‍ക്ക് കൊടുക്കാനായി പാറ്റയെ കാശ് കൊടുത്ത് വാങ്ങുകയായിരുന്നു പതിവ്. ഇരുപതുകാരനായ വിദ്യാര്‍ത്ഥി എന്ന നിലയില്‍ പാറ്റയെ കാശുകൊടുത്ത് വാങ്ങുക എന്നത് ബുദ്ധിമുട്ടായി തോന്നി. പിന്നീടാണ് എന്തുകൊണ്ട് പാറ്റയെ തനിക്ക് സ്വന്തമായി കൃഷി ചെയ്തുകൂടാ എന്ന ചിന്ത വന്നത്. അങ്ങനെ കൃഷി തുടങ്ങുകയായിരുന്നു.
ആദ്യം ഈ കൃഷിയില്‍ അഗ്രഗണ്യനായ ഒരു വ്യക്തിയെ സമീപിച്ചു. അദ്ദേഹത്തില്‍ നിന്ന് കൃഷി രീതികളെക്കുറിച്ച് വിശദമായി പഠിച്ചു. പാറ്റയെ വളര്‍ത്തുന്ന ഫാം തുടങ്ങാനായി അദ്ദേഹവും സഹായിച്ചു. ആറു മാസത്തിനുശേഷം 30,000 മുതല്‍ 40,000 വരെ പാറ്റകളെ ഉത്പാദിപ്പിച്ചു. ആകര്‍ഷകമായൊരു തുക വരുമാനമായും ഇദ്ദേഹത്തിന് കൃഷിയില്‍ നിന്ന് ലഭിക്കുന്നുണ്ട്. ദിവസേന പാറ്റകളുമായി ഇടപെടുന്നതിനാല്‍ ടോംഗിന് പാറ്റകളെ അത്രമേല്‍ ഇഷ്ടമാണെന്ന് കരുതാന്‍ വരട്ടെ.
പ്രാണികളോടുള്ള തന്റെ പേടി കാരണം ഈ കൃഷി അത്ര എളുപ്പമായിട്ടല്ല തനിക്ക് തോന്നുന്നത് എന്നാണ് ടോംഗ് പറയുന്നത്. കൃഷിയിലെ ലാഭം കണക്കിലെടുക്കുമ്പോള്‍ തന്റെ ഭയത്തെ മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നാണ് ടോംഗ് പറയുന്നത്. നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നായും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാറ്റകളെ ഉപയോഗിക്കുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെ പാറ്റകളെ വളര്‍ത്തി വില്‍ക്കുന്നത് ആര്‍ക്കുവേണമെങ്കിലും പരീക്ഷിക്കാവുന്നതാണെന്നാണ് ടോംഗ് പറയുന്നത്.