താജ്മഹൽ
ഇതുപോലെ മറ്റൊന്നില്ല. ഇത്ര വലിയ പ്രണയസ്മാരകം ലോകത്ത് മറ്റൊരിടത്തും മനുഷ്യർക്കായി നിർമിക്കപ്പെട്ടിട്ടില്ല. പക്ഷേ, മറക്കരുത് നഷ്ടപ്രണയത്തിലെ നായികയ്ക്കുവേണ്ടി ഒരു നിരാശാ കാമുകൻ നിർമിച്ചതല്ല താജ്മഹൽ. തന്റെ 14 മക്കളുടെ അമ്മയായ ഭാര്യക്കുവേണ്ടി ഒരു ഭർത്താവ് ഒരുക്കിയതാണ്. പ്രാണപ്രേയസിയായ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച സ്മാരകം.
ഉത്തർപ്രദേശിലെ ആഗ്ര ഫോർട്ട് തീവണ്ടിയാപ്പീസിൽനിന്ന് 25 രൂപ കൂലി കൊടുത്താൽ സൈക്കിൾ റിക്ഷക്കാരൻ നമ്മെ എത്തിക്കുന്നത് ലോകാദ്ഭുതത്തിന്റെ മുന്നിലേക്കാണ്. ഷാജഹാൻ ചക്രവർത്തിയും മുംതാസ് മഹലും ജീവിച്ച മണ്ണിലൂടെയാണ് ചക്രങ്ങൾ ഉരുളുന്നത്. ചിലപ്പോൾ തോന്നും റിക്ഷയിൽനിന്നിറങ്ങി നഗ്നപാദനായി സഞ്ചരിച്ചാലോയെന്ന്.
മിനിറ്റുകൾക്കകം കൈനീട്ടി ആലിംഗനത്തിനെന്നപോലെ താജ്മഹൽ മുന്നിലെത്തി. രണ്ടാമത്തെ വരവായിട്ടും അദ്ഭുതം ഏറിയിട്ടേയുള്ളു. വെണ്ണക്കൽ സ്മാരകത്തിനു മുന്നിൽ സ്വയം മറന്നു നില്ക്കുന്ന വിവിധ രാജ്യക്കാരും വ്യത്യസ്ത മതവിശ്വാസികളുമായ സ്ത്രീപുരുഷന്മാർ. ചിലർ താജ്മഹലിന്റെ ചുവരുകളിൽ കൈകളാൽ തലോടി തങ്ങളുടെ സ്വപ്നപൂർത്തീകരണത്തെ അവിസ്മരണീയമാക്കുന്നു. മറ്റു ചിലർ വെണ്ണക്കല്ലുകളോട് കാതുചേർത്ത് എന്തോ ശ്രവിക്കുന്നതുപോലെ….പ്രണയത്തിന്റെ ആൽബങ്ങളിൽ സൂക്ഷിക്കാൻ ചിത്രങ്ങൾക്കായി തുറന്നടയുന്നത് ആയിരക്കണക്കിനു കാമറകൾ.
1648 എ ലവ് സ്റ്റോറി
ഇന്ത്യ ഭരിച്ച മുഗൾ ചക്രവർത്തിമാരിൽ അഞ്ചാമനായിരുന്നു ഷാജഹാൻ. അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന മുംതാസ് മഹൽ 1631 ജൂണ് 17ന് 38ാമത്തെ വയസിൽ അന്തരിച്ചു. താങ്ങാനാവാത്ത വിരഹവേദനയിലും കടുത്ത ഏകാന്തതയിലും നിപതിച്ച ഷാജഹാൻ തന്റെ പ്രാണപ്രേയസിക്ക് ഒരു ശാശ്വത സ്മാരകം നിർമിക്കാൻ തീരുമാനിച്ചു. പിന്നീടുണ്ടായത് ചരിത്രമാണ്.
17 വർഷമെടുത്ത് താജ്മഹൽ നിർമാണം പൂർത്തിയാക്കിയത് 1648ലാണെന്ന് ആർക്കിയോളജിക്കൽ സർവേ രേഖപ്പെടുത്തിയിരിക്കുന്നു. 21 വർഷമെടുത്ത് 1653ൽ പണി പൂർത്തിയാക്കിയെന്ന് മറ്റു ചില രേഖകളിൽ കാണുന്നു. 42 ഏക്കർ വളപ്പിലാണ് ശവകൂടീരം സ്ഥിതിചെയ്യുന്നത്. തൊഴിലാളികൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം പേർ നിർമാണത്തിൽ പങ്കെടുത്തു. ഇന്ത്യയിൽനിന്നു മാത്രമല്ല മധ്യ ഏഷ്യയിൽനിന്നും ഇറാനിൽനിന്നുമൊക്കെ ജോലിക്കാർ എത്തി. അകം നിർമാണത്തിന് രാജസ്ഥാനിലെ മക്രാനയിൽനിന്ന് ഉൾപ്പെടെ മാർബിൾ എത്തിച്ചു. അലങ്കാരത്തിനുള്ള കല്ലുകൾ ഇന്ത്യയിലേതുകൂടാതെ സിലോണിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നുമാണ് കൊണ്ടുവന്നത്. ജാസ്പർ കല്ലുകൾ പഞ്ചാബിൽനിന്നും ജേഡ്, ക്രിസ്റ്റൽ എന്നിവ ചൈനയിൽനിന്നുമെത്തിച്ചു. അത്യന്തം വിലപിടിപ്പുള്ള കല്ലുകൾ അറേബ്യയിൽനിന്നാണ് കൊണ്ടുവന്നത്. 35 മീറ്റർ ഉയരമുള്ള ഗോപുരത്തിനു മുകളിലാണ് ഉള്ളിയുടെ രൂപത്തിലുള്ള മകുടം സ്ഥാപിച്ചിരിക്കുന്നത്. താജ്മഹലിനു ചുറ്റുമായി നിർമിച്ചിരിക്കുന്ന ഉദ്യാനം ചാർബാഗ് പൂന്തോട്ടമെന്നാണ് അറിയപ്പെടുന്നത്.
വെണ്ണക്കല്ലിലും ലോകമെങ്ങുംനിന്ന് എത്തിച്ച വിലപിടിച്ച വർണ്ണക്കല്ലൂകളാലും നിർമിച്ചിരിക്കുന്ന പ്രധാന സൗധം കൂടാതെ ശില്പ ചാതുരി നിറഞ്ഞുനില്ക്കുന്ന മറ്റു ചില കെട്ടിടങ്ങൾകൂടി ഉൾപ്പെടുന്നതാണ് താജ്മഹൽ സമുച്ചയം. വർഷത്തിൽ 80 ലക്ഷത്തോളം സഞ്ചാരികളാണ് ലോകമെന്പാടുനിന്നും താജ്മഹൽ കാണാനെത്തുന്നത്.1983ൽ യുനെസ്കോ ഇത് ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.
ശവകുടീരങ്ങൾ
ഉള്ളിൽ ഷാജഹാന്റെയും മുംതാസിന്റെയും ശവകൂടീരങ്ങളായി സന്ദർശകരെ കാണിക്കുന്നത് പ്രദർശനത്തിനുവേണ്ടി മാത്രം പ്രത്യേകം തയാറാക്കിയിരിക്കുന്ന കല്ലറകളാണ്. ഇരുവരുടെയും മൃതദേഹം സംസ്കരിച്ചിരിക്കുന്നത് അതിന്റെ താഴത്തെ നിലയിലുള്ള കല്ലറയിലാണ്. ഇതിനും താഴെയുള്ള മണ്ണിലാണ് ഷാജഹാന്റെയും മുംതാസിന്റെ മൃതദേഹങ്ങൾ സംസ്കരിച്ചിരിക്കുന്നതെന്നും വാദമുണ്ട്. ഇരുവരുടെയും ശിരസുകൾ പുണ്യനഗരമായ മെക്കയിലേക്കു തിരിച്ചാണ് മൃതദേഹങ്ങൾ കിടത്തിയിരിക്കുന്നത്. നടുവിൽ മുംതാസിന്റെ കല്ലറയും വശത്തായി ഷാജഹാന്റേതും സ്ഥിതിചെയ്യുന്നു. രണ്ടു കല്ലറകളുടെയും ശിലകളിൽ ഇരുവരെയും പുകഴ്ത്തിയുള്ള കുറിപ്പുകളുണ്ട്. ഷാജഹാന്റെ ശവകൂടീരത്തിനു മുകളിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “ഹിജ്റ 1076 രജബ് മാസം 26ാം തീയതി രാത്രിയിൽ അദ്ദേഹം ഈ ലോകത്തുനിന്ന് നിത്യതയുടെ വിരുന്നുശാലയിലേക്കു യാത്രയായിരിക്കുന്നു.’
മുംതാസ് മഹൽ
ആഗ്രയിലെ ഒരു പേർഷ്യൻ കുടുംബത്തിലായിരുന്നു അർജുമാന്ദ് ബാനു ബീഗം ജനിച്ചത്. 1607ൽ 14ാമത്തെ വയസിൽ ജഹാംഗീർ ചക്രവർത്തിയുടെ പുത്രനായ ഖുറം രാജകുമാരനുമായി വിവാഹം ഉറപ്പിച്ചു. അഞ്ചു വർഷത്തിനുശേഷമായിരുന്ന വിവാഹം. ഖുറം എന്ന ഷാജഹാനാണ് തന്റെ ഭാര്യയായ അർജുമാന്ദിന് മുംതാസ് മഹൽ എന്നു പേരിട്ടത്. ഷാജഹാൻ മറ്റു രണ്ടു വിവാഹങ്ങൾ കൂടി ചെയ്തിരുന്നെങ്കിലും അതു വെറും ചടങ്ങിനു മാത്രമായിരുന്നു. ഭാര്യയെന്ന നിലയിൽ ഷാജഹാന്റെ ഹൃദയത്തിൽ സ്ഥാനം മുംതാസിനു മാത്രമായിരുന്നു. ഷാജഹാൻ എവിടെ പോയാലും മുംതാസിനെയും കൊണ്ടുപോയിരുന്നു. 1631ൽ ഡെക്കാൻ പീഠഭൂമിയിൽ നടന്ന യുദ്ധരംഗത്തും മുംതാസ് ഷാജഹാനോടൊപ്പം പോയി. അവിടെവച്ച് 14ാമത്തെ പ്രസവത്തോടെ അവർ മരിച്ചു. 18 വർഷത്തെ പ്രണയജീവിതത്തിന് അന്ത്യം. അവിടെ തപ്തി നദിക്കരയിൽ താത്കാലികമായി സംസ്കാരം നടത്തിയെങ്കിലും ആറു മാസത്തിനുശേഷം മുംതാസിന്റെ മൃതദേഹം ആഗ്രയിലെത്തിച്ച് യമുന നദിക്കരയിലെ പൂന്തോട്ടത്തിൽ സംസ്കരിച്ചു. അടുത്ത വർഷംതന്നെ താജ്മഹലിന്റെ നിർമാണം തുടങ്ങുകയും ചെയ്തു.
അണിയറക്കാർ
ശില്പികളുടെ നിയന്ത്രണം കൊട്ടാരം ശില്പിയായിരുന്ന ഉസ്താദ് അഹ്മദ് ലഹോരിക്കായിരുന്നു. ഇസ്മായിൽ അഫാൻഡി, ഇറാൻകാരായ ഉസ്താദ് ഈസ, ഈസ മുഹമ്മദ് അഫാൻഡി, അമാനത് ഖാൻ, മിർ അബ്ദുൾ കരീം, മുക്കരിമത് ഖാൻ, ബനാറസുകാരനായ പുരു, ലാഹോർ സ്വദേശി ഖാസിം ഖാൻ, ഡൽഹി സ്വദേശി ചിരഞ്ചി ലാൽ, മുഹമ്മദ് ഹനീഫ് തുടങ്ങിയവരായിരുന്നു താജ്മഹലിന്റെ മറ്റു പ്രധാന പണിക്കാർ.
ആഗ്ര കോട്ട
താജ് മഹൽ നേരിട്ടു കാണുന്നതിനപ്പുറം വ്യത്യസ്തമായ അനുഭവമാണ് ആഗ്ര കോട്ടയിൽനിന്നുള്ള കാഴ്ച. അവിടെ തടവിൽ കിടന്നുകൊണ്ടാണ് അന്ത്യകാലത്ത് ഷാജഹാൻ താജ്മഹൽ നോക്കിക്കണ്ടത്. അദ്ദേഹത്തെ തടവിലിട്ടത് മകൻ ഔറംഗസീബായിരുന്നു. കോട്ടയിലെ ഒരു ഭാഗത്ത് അത്യാവശ്യ സൗകര്യങ്ങളെല്ലാം ഏർപ്പെടുത്തി ഷാജഹാനെ കിടത്തിയിരുന്നെങ്കിലും അദ്ദേഹത്തിനു പുറത്തുപോകാനോ ആളുകളോടു സംസാരിക്കാനോ താജ്മഹലിൽ പോകാനോ അനുവാദമില്ലായിരുന്നു. താജ്മഹലിലെത്തുന്ന ഓരോ സന്ദർശകനും തടവുകാരനായിരുന്ന ഷാജഹാന്റെ അപാര വേദനയും ഏകാന്തതയും തിരിച്ചറിഞ്ഞ് കോട്ടയിലും കയറിയിറങ്ങുന്നു. ജാസ്മിൻ ടവറെന്നും ഷാ ബുർജെന്നും അറിയപ്പെടുന്ന മുറിയിലാണ് ഷാജഹാനെ തടവിലിട്ടിരുന്നത്. അതിന്റെ ജാലകത്തിലൂടെയാണ് അവസാന നാളുകളിൽ ഷാജഹാൻ താജ്മഹലിനെ നോക്കിക്കണ്ടത്. ആ കാഴ്ചയാവാം എട്ടുവർഷത്തോളം അദ്ദേഹത്തെ ജീവിപ്പിച്ചത്.
യമുനയിലെ ഛായാചിത്രം
ജീവിതവും മരണവും മറുകര തേടി പോയിട്ടും പ്രണയം യമുനയുടെ തീരത്തിരുന്ന് നിലാവിനോടു സല്ലപിക്കുന്നു അനശ്വരമായി… അതാണ് താജ്മഹൽ. മുന്നിലെ പൂന്തോട്ടത്തിലുള്ള കൃത്രിമ തടാകത്തിലും പിന്നിൽ യമുനാ നദിയിലും താജ്മഹൽ പ്രതിഫലിക്കുന്നു. നിലാവുള്ള രാത്രികളിൽ താജ്മഹൽ കാണാൻ ലോകമെന്പാടുനിന്നും ആളുകളെത്തുന്നു. അത്തരം ദിവസങ്ങളിൽ രാത്രിയിലും താജിൽ സന്ദർശനം അനുവദിക്കും.
വിവാദങ്ങളിലും മങ്ങാത്ത വെണ്മ
ഉത്തരപ്രദേശിലെ വിവാദ ബിജെപി എംഎൽഎ സംഗീത് സോം ആണ് താജ്മഹലിനെതിരേ അടുത്തയിടെ വർഗീയ വിഷം ചീറ്റിയത്. സംഗീതിന്റെ വാക്കുകൾ ഇങ്ങനെ: “സ്വന്തം പിതാവിനെ തടവിലിട്ടയാളാണ് താജ്മഹൽ നിർമിച്ചത്. അയാൾ ഹിന്ദുക്കളെ കൊന്നൊടുക്കാൻ ഇറങ്ങിപ്പുറപ്പെട്ടവനായിരുന്നു. ഇതാണു ചരിത്രമെങ്കിൽ നമ്മളിതു തിരുത്തിക്കുറിക്കുമെന്ന് ഞാൻ ഉറപ്പു നല്കുന്നു.’
ഷാജഹാൻ ചക്രവർത്തിയാണ് താജ്മഹൽ സ്ഥാപിച്ചതെന്നും അദ്ദേഹം പിതാവിനെ തടവുകാരനാക്കിയില്ലെന്നും അദ്ദേഹത്തെ മകനായ ഒൗറംഗസീബ് തടവിലാക്കുകയായിരുന്നെന്നുമുള്ള പ്രാഥമിക ചരിത്രംപോലും അറിയാതെ വിഡ്ഢിത്തം വിളന്പുന്ന ഈ “മഹാനെ’പ്പോലെയുള്ള നേതാക്കൾ പറയുന്നത് വിശ്വസിച്ചുപോകുന്ന ചിലരെങ്കിലുമുണ്ടാകില്ലേ ഇവിടെ. അതാണ് അപകടം. അതേറ്റുപിടിച്ച് പല സംഘപരിവാർ നേതാക്കളും പുതിയ വിദ്വേഷ പ്രചാരണങ്ങളുമായി രംഗത്തു വന്നുകൊണ്ടിരക്കുകയാണ്. തങ്ങളുടെ ഭരണപരാജയത്തിൽനിന്ന് അണികളുടെ ശ്രദ്ധ തിരിക്കാനാവാം തന്ത്രം. എന്നാലും…ലോകമെങ്ങുമുള്ള മനുഷ്യർ ഇതൊക്കെ കേൾക്കുന്നുവെന്നെങ്കിലും ഇത്തരക്കാർ തിരിച്ചറിയണം.
അമേരിക്കയുടെ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണ് പറഞ്ഞു: “ലോകത്ത് രണ്ടു തരം മനുഷ്യരാണ് ഉള്ളത് താജ്മഹൽ കണ്ടറിഞ്ഞ് അതിനെ സ്നേഹിച്ചവരും കാണാതെതന്നെ അതിനെ സ്നേഹിച്ചവരും.’
ഇപ്പോഴിതാ മൂന്നാമതൊരു കൂട്ടം മനുഷ്യർ ഉദയം ചെയ്തിരിക്കുന്നു. താജ്മഹൽ കണ്ടിട്ടും അതിനെ സ്നേഹിക്കാൻ കഴിയാതെ പോയവർ. അവരോടു പറയാൻ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ വാക്കുകളേ നമുക്കുള്ളു. “കാലത്തിന്റെ കവിളിൽ വീണ കണ്ണീർത്തുള്ളിയാണ് താജ്മഹൽ’ .
ജോസ് ആൻഡ്രൂസ്