അബുദാബി: മെല്‍ബണില്‍നിന്ന് അബുദാബി സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു. ഇവൈ 461 787-9 ഡ്രീംലൈനര്‍ ഇത്തിഹാദ് വിമാനത്തിന്റെ ടയറുകളാണ് പൊട്ടിത്തെറിച്ചത്. 270 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെയും ജീവനക്കാരെയും പരിക്കുകളൊന്നും കൂടാതെ സുരക്ഷിതമായി പുറത്തിറക്കി.
ടേക്ക് ഓഫിനായി വിമാനത്തിന്റെ സ്പീഡ് കൂട്ടിവന്നപ്പോൾ ടയറുകളുടെ സാങ്കേതികതകരാര്‍ ശ്രദ്ധയില്‍പ്പെടുകയും എമര്‍ജന്‍സി ടേക്ക് ഓഫ് റിജക്ഷന് ആവശ്യപ്പെടുകയുമായിരുന്നു. ഉയര്‍ന്ന വേഗതയില്‍ പോയി പിന്നീട് ടേക്ക് ഓഫ് നിരസിക്കുന്നതിനെ തുടര്‍ന്നുള്ള സാധാരണ നടപടിക്രമമാണിത്.
ഓണ്‍ലൈനില്‍ പങ്കിട്ട ചില വീഡിയോകളിൽ വിമാനത്തില്‍നിന്നു പുക ഉയരുന്നതായി കാണിച്ചിരുന്നു. രണ്ട് ടയറുകള്‍ പൊട്ടിത്തെറിച്ചെന്നും എന്നാല്‍ വിമാനത്തിന് തീപിടിച്ചിട്ടില്ലെന്നും എയര്‍ലൈന്‍ അറിയിച്ചു.