കണ്ണൂർ: പോക്സോ കേസിലെ പ്രതിക്ക് കണ്ണൂർ കോർപറേഷന്റെ പാർക്കിൽ കെയർടേക്കറായി നിയമനം നൽകിയ സംഭവത്തിൽ യുഡിഎഫിലും പ്രതിഷേധം. യുഡിഎഫിലെ ഒരു കൗൺസിലറുടെ ശിപാർശയോടെയാണ് നിയമനം നടന്നതെന്നും ആരോപണം ഉയരുന്നുണ്ട്.
പള്ളിയാംമൂല സ്വദേശിയായ യുവാവിനെയാണ് ഇന്നലെ തുറന്ന ശ്രീനാരായണ പാർക്കിൽ കരാറടിസ്ഥാനത്തിൽ കെയർടേക്കറായി നിയമിച്ചത്.
2016 ജൂൺ ഒന്പതിന് ജില്ലാ ആശുപത്രി പരിസരത്തുവച്ച് പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ. അറസ്റ്റിലായി റിമാൻഡിലായ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി. കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
സ്ത്രീകളും കുട്ടികളുമടക്കമെത്തുന്ന പാർക്കിൽ ഇത്തരമൊരാളെ നിയമിച്ചത് കോർപറേഷന്റെ ഭാഗത്തുനിന്നുമുള്ള വൻ വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നിയമനങ്ങൾ അജണ്ടയായി വച്ചപ്പോൾ പ്രതിപക്ഷ കൗൺസിലറായ പി.കെ. അൻവർ ഇതിനെ എതിർത്തിരുന്നു.
കൗൺസിലർമാരെ നോക്കുകുത്തിയാക്കിയാണ് മേയർ നിയമനം നടത്തുന്നതെന്നും ആരോപിച്ചിരുന്നു. കൗൺസിലർമാരുടെ അനുമതിയോടുകൂടിയാണ് നിയമനങ്ങൾ നടത്തേണ്ടത്. എന്നാൽ, മേയർ തന്നിഷ്ടപ്രകാരം നിയമനങ്ങൾ നടത്തിയശേഷമാണ് കൗൺസിലിന്റെ അനുമതി തേടുന്നതെന്നും കൗൺസിലർ പി.കെ. അൻവർ ആരോപിച്ചു.
സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് വന്നതിനുശേഷം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മേയർ ടി.ഒ. മോഹനൻ രാഷ്ട്രദീപികയോടു പറഞ്ഞു.
കോർപറേഷൻ നടത്തിയ നിയമനങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് മേയർക്ക് പ്രതിപക്ഷ കൗൺസിലർമാർ കത്ത് നല്കുന്നുണ്ട്.