ഇതാണ് മരണക്കടല്‍ അഥവാ നാശത്തിന്റെ ഇടം! നിങ്ങള്‍ക്കു കടന്നുവരാം പക്ഷേ ഒരിക്കലും പുറത്തുകടക്കാനാവില്ല; ആളെക്കൊല്ലി എന്നറിയപ്പെടുന്ന ചൈനയിലെ മരുഭൂമിയെക്കുറിച്ചറിഞ്ഞിരിക്കണം

FB_IMG_1492505532869-640x424ലോകത്തെ ഏറ്റവും അപകടകരവും ദുരിതപൂര്‍ണ്ണവുമായ സ്ഥലം എന്ന് കുപ്രസിദ്ധി ആര്‍ജിച്ചയിടമാണ് ചൈനയുടെ തെക്ക് പടിഞ്ഞാറ് പ്രദേശത്തുള്ള തക്‌ലാമാകന്‍ മരുഭൂമി. നാശത്തിന്റെ സ്ഥലം, മരണത്തിന്റെ താഴ്‌വര എന്നീ പേരുകളിലും ഈ മരുഭൂമി അറിയപ്പെടാറുണ്ട്. കാരണം, ദുര്‍ലഭമായ മരുപ്പച്ചകള്‍ ഒഴിച്ചാല്‍ അല്പം വെള്ളം കിട്ടാന്‍ ഒരു മാര്‍ഗവുമില്ലാത്ത പ്രദേശമാണിത്. പഴമക്കാര്‍ പറഞ്ഞിരുന്നത് ഒരിക്കല്‍ ഇവിടെ പ്രവേശിച്ചുകഴിഞ്ഞാല്‍ അയാളുടെ കാര്യം കഴിഞ്ഞു എന്നാണ്. മരുഭൂമിയില്‍ വഴിതെറ്റിയലയാനിടയായ സംഘങ്ങളിലെ നിരവധി കച്ചവടക്കാര്‍, പടയാളികള്‍, തീര്‍ഥാടകര്‍ മുതലായവര്‍ക്ക് പിന്നീടൊരിക്കലും തിരിച്ചുവരാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് ഇന്നും അനേകരെ അവിടെ നിന്നുമകറ്റുന്നത്. മുറിച്ചുകടക്കാന്‍ ലോകത്ത് ഏറ്റവും പ്രയാസമേറിയത് എന്ന് കരുതപ്പെടുന്ന മരുഭൂമിയാണ് ചൈനയിലെ തക്‌ലാമാകന്‍ (taklamakan). ചൈനയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള, മലനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ‘തരിം തട’ത്തിന്റെ ഭാഗമാണിത്. ഉഗര്‍ ഭാഷയില്‍ ‘തക്‌ലാമാകന്‍’ എന്ന വാക്കിന്റെ അര്‍ഥം ‘നിങ്ങള്‍ക്ക് കടന്നുവരാം, പക്ഷെ ഒരിക്കലും പുറത്തുകടക്കാനാവില്ല’ എന്നാണ്.

ബൃഹത്തും അത്യന്തം അപകടകരവുമായ, ഉണങ്ങിവരണ്ട് തുള്ളിവെള്ളം പോലും കിട്ടാനില്ലാത്ത, മരണക്കെണിയായ ഈ സ്ഥലത്തിന് വേറെ ഏതുപേരാണ് ചേരുക. മരുഭൂമിയിലൂടെ യാത്ര ചെയ്ത ഒട്ടനവധി പേര്‍ പ്രകൃതിയോട് മല്ലടിച്ച് ജീവന്‍ വെടിഞ്ഞപ്പോള്‍, വിവരങ്ങളൊന്നും അവശേഷിപ്പിക്കാതെ മടങ്ങിവരാതിരുന്ന നിരവധി ആളുകളും ഉണ്ടായിരുന്നു. കാലാകാലങ്ങളായി അനേകം പേരുടെ ജീവന്‍ കവര്‍ന്നെടുത്ത മരുഭൂമിയ്ക്ക് അങ്ങനെ ലഭിച്ച മറ്റൊരു പേരാണ് ‘മരണക്കടല്‍. ചൈനയിലെ ‘സിന്‍ജിയാങ്ങ് ഉഗര്‍’ സ്വയംഭരണാധികാരപ്രവിശ്യയില്‍ 3,37,000 ച. കിമീ. വിസ്തൃതിയില്‍ കിടക്കുന്ന മരുഭൂമിയ്ക്ക് ഉദ്ദേശം 1,000 കിമീ നീളവും 400 കിമീ വീതിയുമുണ്ട്. ഏകദേശം മൂന്ന് സംസ്ഥാനങ്ങള്‍ കൂടിച്ചേരുന്ന വലിപ്പം. വലിപ്പത്തില്‍ ലോകത്തെ മരുഭൂമികളില്‍ പതിനാറാം സ്ഥാനമാണുള്ളതെങ്കിലും, ലോകത്തെ രണ്ടാമത്തെ ചലിക്കുന്ന മണല്‍ മരുഭൂമിയും, ചൈനയിലെ ഏറ്റവും വലിയ മരുഭൂമിയുമാണ് തക്‌ലാമാകന്‍. ഇവിടത്തെ 85% മണല്‍ക്കുന്നുകളും സ്ഥിരമായി സ്ഥാനം മാറിക്കൊണ്ടിരിക്കുന്നവയാണ്. ചലിക്കുന്ന മണല്‍പ്പരപ്പുകള്‍ എന്നര്‍ത്ഥം വരുന്ന ‘ലിയു ഷാ’ എന്ന പേരിലാണ് രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പ്രദേശങ്ങള്‍ അറിയപ്പെട്ടിരുന്നത്.

9950580_orig

സമുദ്രങ്ങളില്‍ നിന്ന് ഏറ്റവുമകലെ സ്ഥിതിചെയ്യുന്ന മരുഭൂമി കൂടിയാണ് ഇത്. കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഇന്ത്യ, പാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ടിബറ്റ് എന്നിവയാണ് അതിര്‍ത്തിരാജ്യങ്ങള്‍. 1895ല്‍ തക്‌ലാമാകന്‍ മരുഭൂമി മുറിച്ചുകടന്ന പ്രശസ്ത സ്വിഡീഷ് ഭൂമിശാസ്ത്രകാരനും പര്യവേക്ഷകനുമായ സ്വെന്‍ ഹെഡിനും സംഘവും മരണത്തില്‍ നിന്നും രക്ഷപ്പെട്ടത് കഷ്ടിച്ചായിരുന്നു. ആ യാത്രയില്‍ അദ്ദേഹത്തിന്റെ സംഘത്തിലുണ്ടായിരുന്ന രണ്ട് ഉഗര്‍ വഴികാട്ടികള്‍ക്കും എട്ട് ഒട്ടകങ്ങള്‍ക്കും ജീവന്‍ നഷ്ടമായി. ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ കിട്ടാതെ ദാഹിച്ചു മരിക്കാനായിരുന്നു അവരുടെ വിധി. ഈ സംഭവം തക്‌ലാമാകന്റെ കുപ്രസിദ്ധി കൂടുതല്‍ പ്രചരിക്കാന്‍ ഇടയാക്കി. മരുഭൂമി മറികടക്കുവാന്‍ ശ്രമിച്ച് ജീവന്‍ നഷ്ടപ്പെട്ടതും, തിരിച്ചുവരാതിരുന്നതുമായ നിരവധിപേരുടെ കഥകള്‍ തക്‌ലാമാകനെക്കുറിച്ചുള്ള ഭയം വര്‍ധിപ്പിച്ചു. ഇതുമൂലം, മരുഭൂമി മുറിച്ചുകടക്കുവാന്‍ ആരുമൊന്ന് അറച്ചിരുന്നു. എങ്കിലും വളരെ ചുരുക്കം പേര്‍ പഠന-ഗവേഷണ ആവശ്യങ്ങള്‍ക്കായും, മറഞ്ഞിരിക്കുന്ന സമ്പത്ത് തേടിയും ഇവിടെ പര്യവേക്ഷണങ്ങള്‍ നടത്തിയിട്ടുമുണ്ട്. ആധുനികസങ്കേതങ്ങളുടെ സഹായത്തോടെ നിരവധി സാഹസികര്‍ ഇപ്പോള്‍ മരുഭൂമി മുറിച്ചുകടക്കാറുണ്ട്. എന്നാല്‍ മരുഭൂമിയെ സംബന്ധിച്ചുള്ള ഏറ്റവും അവിശ്വസനീയമായ വസ്തുത, രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈ മരുഭൂമിയുടെ പല ഭാഗത്തുമായി നിരവധി ജനങ്ങള്‍ പാര്‍ത്തിരുന്നു എന്നതാണ്.

എന്നാല്‍ 4000 വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ഈ പ്രദേശങ്ങളില്‍ ജനതതികള്‍ ജീവിച്ചിരുന്നു എന്നതിന് തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യൂറോപ്യന്‍ പുരാവസ്തുഗവേഷകരായ സ്വെന്‍ ഹെഡിന്‍, ആല്‍ബര്‍ട്ട് വോണ്‍ ലീ കോക്ക്, സര്‍ മാര്‍ക് ഓറല്‍ സ്റ്റെയ്ന്‍ എന്നിവരാണ് തക്‌ലാമാകന്‍ മരുഭൂമിയിലെ പര്യവേക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സില്‍ക്ക് റൂട്ടിനെ സംബന്ധിച്ച തന്റെ സിദ്ധാന്തങ്ങള്‍ തെളിയിക്കുവാനായി മദ്ധ്യേഷ്യയിലും പശ്ചിമ ചൈനയിലുമായി 25,000 മൈലുകളോളം സര്‍ സ്റ്റെയ്ന്‍ യാത്ര ചെയ്യുകയുണ്ടായി. ആധുനികയുഗത്തിലെ ഏറ്റവും സാഹസികമായ സഞ്ചാരങ്ങളായാണ് ഈ യാത്രകളെ ചരിത്രം വാഴ്ത്തുന്നത്. ഷുവാന്‍ സാങ്ങിന്റെ പാത പിന്തുടര്‍ന്നു 1900ല്‍ തുടങ്ങിയ യാത്ര രണ്ടു വര്‍ഷത്തോളം നീണ്ടുനിന്നു. തുടര്‍ന്നു നടന്ന പര്യവേക്ഷണങ്ങളില്‍ ധാരാളം മമ്മികളും ഇവിടെ നിന്നു കണ്ടെടുത്തു. അതില്‍ പല ശരീരങ്ങളും സാമാന്യം ഭേദപ്പെട്ട അവസ്ഥയിലായിരുന്നു അപ്പോഴും. കൂടാതെ ധരിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും പോലും കേടുകൂടാതെ ഇരിപ്പുണ്ടായിരുന്നു. മരുഭൂമിയിലെ വരണ്ട കാലാവസ്ഥയും, മറ്റ് ഇടപെടലുകള്‍ ഒന്നും ഇല്ലാതിരുന്നതും ആയിരിക്കാം ഇതിനു കാരണങ്ങള്‍. ലഭിച്ച തെളിവുകള്‍ പ്രകാരം മരുപ്പച്ചകളില്‍ അവര്‍ കൃഷിയും കന്നുകാലിവളര്‍ത്തലും നടത്തിയിരുന്നു എന്നു മനസ്സിലാക്കാം. ഏകദേശം മൂവായിരത്തിലധികം ജനങ്ങള്‍ അക്കാലത്ത് നിയയില്‍ വസിച്ചിരുന്നു. സില്‍ക്ക്‌റൂട്ടിനോടനുബന്ധിച്ച് വളര്‍ന്നുവന്ന തെക്കന്‍ ചൈനയിലെ പട്ടണങ്ങളായിരുന്നു. സാങ്കേതിക വിദ്യകള്‍ വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ വരും നാളുകളില്‍ കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ ഈ മരുഭൂമി സംബന്ധിച്ച് ഉടലെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

Related posts