ലോക്‌സഭാ തെരഞ്ഞെടുപ്പ് പോലുള്ള നിര്‍ണായക തെരഞ്ഞെടുപ്പുകള്‍ അടുക്കുന്ന അവസരത്തില്‍ അതുവരെയും കേട്ടു കേള്‍വി പോലുമില്ലാത്ത പല കാര്യങ്ങളും ജനങ്ങള്‍ കാണേണ്ടതും കേള്‍ക്കേണ്ടതുമായി വരും. സമാനമായ ഒരു സംഭവമാണ് ഇപ്പോള്‍ തെലങ്കാനയില്‍ നിന്ന് പുറത്തു വരുന്നത്.
തെലുങ്കാനയില്‍ തെരഞ്ഞെടുപ്പ് അടുത്തു കൊണ്ടിരിക്കുമ്പോള്‍ അതാ കര്‍ണാടകയില്‍ നിന്ന് മൂങ്ങകളെ വലിയ രീതിയില്‍ കാണാതാവുന്നു. ഇതിന്റെ പിന്നിലെ കാരണം അന്വേഷിച്ച് ചെന്നപ്പോള്‍ ഞെട്ടിയിരിക്കുകയാണ് കര്‍ണാടകയിലെ പോലീസ്.
കഴിഞ്ഞ ദിവസമാണ് തെലങ്കാന അതിര്‍ത്തി പ്രദേശമായ സേദം പട്ടണത്തില്‍ നിന്ന് മൂങ്ങകളെ തട്ടികൊണ്ടുപോകുന്ന ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ക്ക് ആപത്ത് വരുത്താന്‍ രാത്രി കാലങ്ങളില്‍ ഇരപിടിക്കുന്ന പക്ഷികള്‍ക്ക് കഴിയുമെന്നും അതിനായി ഇവയെ തെലുങ്കാനയിലേക്ക് കൊണ്ടു പോവുകയാണെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.
മൂങ്ങയെ കടത്തിക്കൊണ്ടുപോയി മൂന്നും നാലും ലക്ഷത്തിന് അവയെ വില്‍ക്കാനായിരുന്നു ഇവര്‍ തീരുമാനിച്ചിരുന്നത്. മൂങ്ങയെ ദുര്‍മന്ത്രവാദത്തിന് വലിയ അളവില്‍ ഉപയോഗിക്കുന്നുണ്ട്. ചില ആഭിചാര പ്രവര്‍ത്തനങ്ങളില്‍ മൂങ്ങയെ കൊന്ന് അതിന്റെ തല, തൂവലുകള്‍, കണ്ണുകള്‍, കാലുകള്‍ തുടങ്ങിയവ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വീട്ടിലെറിഞ്ഞാല്‍ അവരെ തെരഞ്ഞെടുപ്പില്‍ തകര്‍ക്കാനാകുമെന്നാണ് വിശ്വാസം.
തെലങ്കാന തെരഞ്ഞെടുപ്പ് അടുക്കും തോറും കൂടുതല്‍ മൂങ്ങകള്‍ ആപത്തിലാകുമെന്നാണ് പ്രകൃതി സ്നേഹികളുടെ ആശങ്ക. തെരഞ്ഞെടുപ്പ് അടുത്ത കാലത്ത് സ്ഥാനാര്‍ത്ഥികളെക്കൊണ്ടും പാര്‍ട്ടിക്കാരെക്കൊണ്ടും പൊതുജനത്തിന് സ്വസ്ഥത ഇല്ലാതാകുന്നതു പോലെ തന്നെ, ഇപ്പോള്‍ പക്ഷികള്‍ക്ക് പോലും സൈ്വര്യമായി ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണല്ലോയെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്.