തലശേരി: കടയിൽ കയറി മാനേജറെ ആക്രമിച്ച സംഭവത്തിൽ ആറു പേർക്കെതിരേ വധശ്രമത്തിന് കേസെടുത്തു. തലശേരി എവികെ നായർ റോഡിലെ എസ്പൻഷെ തുണികടയിലെ മാനേജർ നിട്ടൂർ ഇല്ലിക്കുന്ന് ആസിയാസിൽ ഫിറോസിനെ (38) ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപിച്ച സംഭവത്തിൽ തലശേരി ചെട്ടിമുക്ക് സ്വദേശികളായ ഷമൽദാസ് അടക്കം ആറു കണ്ടാലറിയാവുന്നവർക്കെതിരെയാണ് തലശേരി പോലീസ് വധശ്രമത്തിന് കേസെടുത്തത്. പരിക്കേറ്റ ഫിറോസ് തലശേരി ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു സംഭവം.
വ്യാപാര സ്ഥാപനത്തിന് മുന്നിൽ രണ്ടു വാഹനങ്ങൾ കുറെ സമയം നിർത്തിയിട്ടതിനെ ചോദ്യം ചെയ്തിനെ തുടർന്നുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിലേക്കു നയിച്ചത്. തലശേരി ചെട്ടിമുക്കിൽ നിന്നു സംഘടിച്ചെത്തിയ സായുധസംഘം കണ്ണിൽ കണ്ടവരെയെല്ലാം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
പ്രശ്നത്തെ തുടർന്ന് ലിബർട്ടി പാരഡൈസിന് സമീപമുള്ള കടകളിലെ ജീവനക്കാരെയും നാട്ടുകാരെയും സംഘ പരിവാറിന്റെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചു. ആർഎസ്എസ് മർദ്ദനത്തിൽ പരിക്കേറ്റ് തലശേരി ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫിറോസിനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, ഏരിയാ സെക്രട്ടറി എം.സി. പവിത്രൻ എന്നിവർ സന്ദർശിച്ചു.
കടയിൽ കയറി മാനേജറെ മർദിച്ച നടപടിയിൽ പ്രതിഷേധിച്ച് തലശേരി എവികെ നായർ റോഡിലെ വ്യാപാരികൾ ഉച്ചയ്ക്ക് ഒന്നു വരെ കടകളടച്ച് ഹർത്താലാചരിച്ചുവരികയാണ്. മാനേജറെ മർദിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ടൗണിലെ വിവിധ സംഘടനകളിൽപെട്ട വ്യാപാരികൾ സംയുക്തമായി തലശേരി ഡിവൈഎസ്പിയെ കണ്ടു. പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ വ്യാപാരികൾ സംയുക്തമായി ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജവാദ് പ്രസ്താവനയിൽ അറിയിച്ചു.