കുഞ്ഞുങ്ങൾക്കായുള്ള ബേബി പൗഡർ ഉൾപ്പെടെ സൗന്ദര്യവർധകവസ്തുക്കളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ടാല്‍ക്കം പൗഡര്‍ കാന്‍സറിനു കാരണമായേക്കാമെന്നു പുതിയ പഠനങ്ങള്‍.
ടാല്‍ക്കം പൗഡറിന്റെ ഉപയോഗം മൂലം അണ്ഡാശയ കാന്സറുണ്ടാവാമെന്നു ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കാന്‍സര്‍ ഏജന്‍സി പുറത്തുവിട്ട പഠനറിപ്പോര്‍ട്ടിൽ പറയുന്നു. ഇതിനു മതിയായ തെളിവുകള്‍ ഉണ്ടെന്നും എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍നിന്ന് ഇക്കാര്യം സ്ഥിരീകരിച്ചെന്നും ഏജന്‍സി വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിൽ ഖനനം ചെയ്യപ്പെടുന്ന പ്രകൃതിദത്തമായ ഒരു ധാതുവാണ് ടാല്‍ക്ക്. യുഎസ്, ഫ്രാൻസ്, ഇറ്റലി, ആസ്ട്രിയ, ജപ്പാൻ എന്നിവിടങ്ങളിൾ ഗണ്യമായ തോതിൽ ടാൽക് നിക്ഷേപമുണ്ട്. സൗന്ദര്യവർധക ഉത്പന്നങ്ങളുടെ നിർമാണത്തിനു പുറമേ സിറാമിക് വ്യവസായത്തിലെ ഒരു സുപ്രധാന അസംസ്കൃത വസ്തു കൂടിയാണ് ടാൽക്. പെയിന്റ്, പേപ്പർ, റബർ എന്നീ വ്യവസായങ്ങളിലും ഈ ധാതു വ്യാപകമായി ഉപയോഗിക്കുന്നു.