ജോണ്സണ് വേങ്ങത്തടം
കോട്ടയം: അഫ്ഗാന് പട്ടാളത്തിനു മുന്നില്‍ കീഴടങ്ങി ജയിലില്‍ കഴിയുന്ന നാലു മലയാളി പെണ്‍കുട്ടികള്‍ക്ക് എന്ത് സംഭവിച്ചു? താലിബാന് അഫ്ഗാന് കീഴടക്കി അധികാരം ഏറ്റെടുക്കുമ്പോള്‍ മലയാളിപെണ്‍കുട്ടികളുടെ അവസ്ഥയെ കുറിച്ചുള്ള ചോദ്യം ഉയരുന്നു.
സോണിയ സെബാസ്റ്റ്യന്‍ എന്ന അയിഷ ,മെറിന് ജേക്കബ് എന്ന മറിയം, നിമിഷ എന്ന ഫാത്തിമ, റഫീല (നബീസ) എന്നിവരാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. മതം മാറി ഭര്ത്താക്കന്മാരൊടൊപ്പം ഐഎസ് ക്യാമ്പിലേക്കു പോയ മലയാളി പെണ്‍കുട്ടികളാണ് ഇവര്‍.
പട്ടാളവുമായിട്ടുള്ള പോരാട്ടത്തില്‍ ഭര്ത്താക്കന്മാര് കൊല്ലപ്പെട്ടതോടെ ഇവര്‍ കീഴടങ്ങുകയായിരുന്നു. ജയിലില്‍ അടയ്ക്കപ്പെട്ട ഇവര്‍ക്കു താലിബാന് ഭരണത്തിലേറുമ്പോള്‍ രക്ഷയുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.
അഫ്ഗാന് ജയിലുകളില്‍ നിന്നും താലിബാന് മോചിപ്പിച്ചവരില്‍ ഇവരുണ്ടോ അതോ താലിബാനിലെ ഭീകരക്യാമ്പിലേക്കു തന്നെ ഇവര്‍ മാറ്റപ്പെട്ടോ എന്നാണ് അറിയേണ്ടത്.
മോസ്റ്റ് വാണ്ടഡ്!
26 പുരുഷന്മാരും 13 സ്ത്രീകളും 21 കുട്ടികളും അടക്കം 60 പേരാണ് ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്ഥാന് വഴി ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര ഭീകരസംഘടനയില്‍ ചേര്‍ന്നത്. യുഎഇ, ഒമാന്‍, ഇറാന് എന്നീ മൂന്ന് രാജ്യങ്ങള്‍ വഴിയാണ് ഇവര്‍ തങ്ങളുടെ യാത്ര തീരുമാനിച്ചത്.
ആദ്യ ഗ്രൂപ്പ്, 2016 മെയ് മാസത്തിലാണ് അഫ്ഗാനിലെ നാന്‍ഗര്‍ഹാറിലെത്തിച്ചേര്‍ന്നത്.അഫ്ഗാനിലെ ഐഎസ് നിയന്ത്രിത മേഖലയാണിത്. അവസാന സംഘം നവംബര്‍ 2018ഓടു കൂടിയും. ഇവരെല്ലാം തെരഞ്ഞെടുത്ത വഴി കേരളം ഗള്‍ഫ് രാജ്യങ്ങളിലൂടെ അഫ്ഗാന്-സിറിയയാണ്.
ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ആറ് യുവതികളടക്കം 21 പേരുടെ രേഖാചിത്രങ്ങളാണ് ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയില്‍പ്പെടുത്തി എന്‍ഐഎ പുറത്തുവിട്ടത്. ഇവരില്‍ 14 പേര് 26 വയസില്‍ താഴെയുള്ളവരാണ്.
ചെറിയ സംഘങ്ങളായാണ് ഇവര്‍ രാജ്യം വിട്ടത്. ഐഎസില്‍ 24 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 10 സ്ത്രീകളും 21 കുട്ടികളും 2019 നവംബര്‍ 15ന് അഫ്ഗാനിസ്ഥാന് സേനക്ക് മുന്നില്‍ കീഴടങ്ങിയിരുന്നു.
13 രാജ്യങ്ങളില്‍ നിന്നുള്ള ഇസ്ലാമിക് സ്റ്റേറ്റിലെ 408 അംഗങ്ങളെ തടവില്‍ പാര്‍പ്പിച്ചിട്ടുള്ളതായി നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി അഹമ്മദ് സിയ സരാജ് കാബൂളില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്.
ഇതില്‍ 4 ഇന്ത്യക്കാരും 16 ചൈനക്കാരും 299 പാക്കിസ്ഥാനികളും രണ്ടു ബംഗ്ലാദേശികളും രണ്ട് മാലദ്വീപുകാരുമാണുള്ളത്. തടവുകാരെ അതത് രാജ്യങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനായി 13 രാജ്യങ്ങളുമായി അഫ്ഗാന് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നതായും അദ്ദേഹം അറിയിച്ചിരുന്നു.
നിമിഷ എന്ന ഫാത്തിമ!
2016 ജൂലൈയിലാണ് നിമിഷയെ കാണാതായത്. കാസര്‍കോട്ടുനിന്ന് ഐഎസില്‍ ചേരാന്‍ പോയ സംഘത്തിനൊപ്പമാണ് നിമിഷയും പോയത്. രണ്ടു വര്‍ഷം മുന്‍പ് ഇവര്‍ അമ്മ ബിന്ദുവുമായി സംസാരിച്ചിരുന്നു. പേരക്കുട്ടിയുടെ ചിത്രവും ഇരുവരും അയച്ചു നല്‍കിയിരുന്നു.
കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജിലെ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനിയായിരുന്ന നിമിഷ അവിടെ വച്ച് സൗഹൃദത്തിലായ പാലക്കാട് സ്വദേശി ബെക്സണ്‍ വിന്‍സെന്റിനെ വിവാഹം കഴിക്കുകയായിരുന്നു. നിമിഷ എന്ന പെണ്‍കുട്ടി ഫാത്തിമയായി.
തുടര്‍ന്ന് ഇരുവരും ഇസ്ലാംമതം സ്വീകരിച്ച് ഐഎസില്‍ ചേരാന്‍ അഫ്ഗാനിലേക്ക് പോകുകയായിരുന്നു. സോണിയാ സെബാസ്റ്റിയന് പഠിക്കാനും കലാരംഗത്തും മിടുക്കിയായിരുന്നു.കോളജ് ജീവിതകാലത്തെ പ്രണയമാണ് റഷീദ് അബ്ദുള്ളയുടെ ജീവിതസഖിയാക്കി സോണിയ സെബാസ്റ്റ്യനെ മാറ്റിയത്.
സോണിയാ അയിഷയായി. ഇവരും ഐഎസില്‍ ചേരാന്‍ പോയി.മെറിന് ജേക്കബ് പള്ളത്ത് എന്ന പേരില്‍ വളര്‍ന്ന മറിയം തന്റെ ബാല്യകാല സുഹൃത്തിനെ വിവാഹം ചെയ്യാനായാണ് ഇസ്ലാംമതം സ്വീകരിച്ചത്. ക്രിസ്ത്യാനിയായ കാമുകനും നേരത്തെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം നേടിയിരുന്നു.
യഹിയ എന്നായിരുന്നു പുതിയ പേര്.റഫീല (നബീസ) കാസര്‍കോട്ടെ ഡോ.ഇജാസ് കല്ലുകെട്ടിയ പുരയിലിനെയാണ് വിവാഹം കഴിച്ചത്. 37 വയസുകാരനായ ഇയാളാണ് 2020 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലെ ജയില്‍ ആക്രമണത്തിന് നേതൃത്വം നല്കിയ ഭീകരന്. 30 പേരാണ് അന്ന് കൊല്ലപ്പെട്ടത്.