കാബൂൾ: സ്ത്രീകൾക്കു മന്ത്രിമാരാകാൻ കഴിയില്ലെന്നും അവർ പ്രസവിക്കുകയാണു വേണ്ടതെന്നും താലിബാൻ വക്താവ് സയ്യദ് സെക്കറുള്ളാ ഹാഷിമി. അഫ്ഗാനിസ്ഥാനിലെ ടോളോ ന്യൂസ് ഏജൻസിക്ക് അഭിമുഖം നല്കുകയായിരുന്നുഹാഷിമി.
“സ്ത്രീകൾക്കു മന്ത്രിമാരുടെ ചുമതലകളൊന്നും നിർവഹിക്കാൻ കഴിയില്ല. ചുമക്കാൻ പറ്റാത്ത ഭാരം കഴുത്തിലിട്ടുകൊടുക്കുന്നതു പോലെയാണത്. താലിബാനെതിരേ സമരം നടത്തുന്ന സ്ത്രീകൾ അഫ്ഗാനിസ്ഥാനിലെ സ്ത്രീസമൂഹത്തെ പ്രതിനിധീകരിക്കുന്നില്ല.’-ഹാഷിമി പറഞ്ഞു.
സമൂഹത്തിന്റെ പകുതിയും സ്ത്രീകളല്ലേയെന്ന് ഇന്റർവ്യൂ ചെയ്തയാൾ ചൂണ്ടിക്കാട്ടി. “ഞങ്ങളവരെ പകുതിയായിട്ടൊന്നും കൂട്ടുന്നില്ല. എന്തുതരം പകുതിയാണ് ? അമേരിക്കയും അവരുടെ പാവ സർക്കാരും ഓഫീസുകളിൽ വേശ്യാവൃത്തിയാണു നടത്തിയിരുന്നത്’. – ഹാഷിമി മറുപടി നല്കി.
എല്ലാ സ്ത്രീകളെയും വേശ്യകളെന്നു വിളിക്കരുതെന്നായിരുന്നു ഇന്റർവ്യൂ ചെയ്തയാൾ പ്രതികരിച്ചത്. “എല്ലാ അഫ്ഗാൻ വനിതകളും വേശ്യകളാണെന്നല്ല പറഞ്ഞത്.
തെരുവിൽ പ്രതിഷേധിക്കുന്ന നാലു വനിതകൾ അഫ്ഗാനിലെ സ്ത്രീസമൂഹത്തെ പ്രതിനിധീകരിക്കുന്നില്ല. അഫ്ഗാനുവേണ്ടി കുട്ടികളെ ജനിപ്പിക്കുകയും മതതത്ത്വങ്ങളിലുറപ്പിച്ചു വളർത്തുകയും ചെയ്യുന്നവരാണ് വനിതകൾ’-ഹാഷിമി നിലപാടു വ്യക്തമാക്കി.