പുരുഷന്മാര് ഒപ്പമില്ലാതെ സ്ത്രീകള്‍ വിമാനത്തില്‍ തനിച്ച് യാത്ര ചെയ്യുന്നത് വിലക്കി അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം.
രാജ്യത്തെ എയര്‍ലൈന്‍ സര്‍വീസുകള്‍ക്ക് താലിബാന് ഈ നിര്‍ദേശം നല്‍കിയതായാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് താലിബാന് സര്‍ക്കാരിന്റെ മിനിസ്ട്രി ഫോര്‍ ദ പ്രൊപ്പഗേഷന്‍ ഓഫ് വിര്‍ച്യൂ ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ്, ശനിയാഴ്ച എയര്‍ലൈനുകള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നാണ് വിവരം.
ആഭ്യന്തര- അന്താരാഷ്ട്ര ഫ്ളൈറ്റുകള്‍ കയറാനെത്തുന്ന സ്ത്രീകള്‍ക്കൊപ്പം നിര്‍ബന്ധമായും ഒരു പുരുഷന് ഉണ്ടായിരിക്കണമെന്നാണ് താലിബാന് സര്‍ക്കാര്‍ നല്കുന്ന നിര്‍ദേശം.
പുരുഷ തുണയില്ലാതെ യാത്ര ചെയ്യാന്‍ നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുള്ള സ്ത്രീകള്‍ക്ക് ഞായറും തിങ്കളും മാത്രം യാത്ര ചെയ്യാന്‍ അനുമതി നല്കി.
പഠന ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാര് തുണയായി പോകണമെന്ന് നേരത്തെ താലിബാന് നിര്‍ദേശം നല്‍കിയിരുന്നു.
വലിയ തരത്തിലുള്ള വിമര്‍ശനങ്ങളാണ് സ്ത്രീവിരുദ്ധ നയങ്ങള്‍ സ്വീകരിച്ചതിലൂടെ താലിബാന് ഇപ്പോള്‍ നേരിടുന്നത്. എന്നിരുന്നാലും തലതിരിഞ്ഞ നയങ്ങളുമായി മുമ്പോട്ടു പോകുകയാണ് താലിബാന്.