കാബൂൾ: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാൻ സ്ത്രീകളും മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ളവരോടു കൊടും ക്രൂരത തുടരുന്നതായി റിപ്പോർട്ട്.
കാർ മോഷ്ടാവെന്ന് ആരോപിച്ച് ഒരാളുടെ ദേഹത്ത് ടാർ ഒഴിക്കുന്നതും ബുർഖ ധരിക്കാൻ വിസമ്മതിച്ച സ്ത്രീയെ വെടിവച്ചു കൊന്നതും ഉൾപ്പെടെയുള്ള വാർത്തകളാണ് അഫ്ഗാനിസ്ഥാനിൽനിന്നു പുറത്തുവരുന്നത്.
കാർ മോഷ്ടാവെന്ന് ആരോപിക്കപ്പെട്ടയാളുടെ ദേഹത്ത് ടാർ ഒഴിച്ച സംഭവം കാബൂളിലാണ്.
താഖർ പ്രവിശ്യയിലെ തലോഖാനിലാണ് ബുർഖ ധരിക്കാൻ വിസമ്മതിച്ച സ്ത്രീയെ താലിബാൻ വെടിവച്ചു കൊലപ്പെടുത്തിയത്.
ജലാലാബാദിൽ അഫ്ഗാൻ ദേശീയപതാക ഉയർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകൻ സാഹിദുള്ള നസീർസാദയെ ഇന്നലെ വെടിവച്ചു കൊന്നു.
കാബൂൾ വിമാനത്താവളത്തിനു സമീപം താലിബാൻ സംഘം ആകാശത്തേക്കു വെടിവയ്ക്കുന്നതിന്റെയും ജനക്കൂട്ടം ഭയന്നോടുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു.
രാഷ്ട്രീയമായി എതിർ ചേരിയിലുള്ളവരെ വീടുകളിൽനിന്നു വലിച്ചിഴച്ചുകൊണ്ടുപോയി തൂക്കിക്കൊല്ലുകയാണെന്ന് റിപ്പോർട്ടുണ്ട്.
നാലു മക്കളുടെ അമ്മയായ സ്ത്രീയെ മകളുടെ മുന്നിൽവച്ച് തല്ലിക്കൊന്നു. തന്റെ അയൽവാസിയെ താലിബാൻകാർ പിടിച്ചുകൊണ്ടു പോയി തൂക്കിക്കൊന്നുവെന്ന് ഒരാൾ പറഞ്ഞു