സംഗീതം യുവാക്കളെ വഴിതെറ്റിക്കുമെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാനില്‍ സംഗീതോപകരണങ്ങള്‍ പിടിച്ചെടുത്ത് തീയിട്ടു കത്തിച്ച് താലിബാന് ഭരണകൂടം.
അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലാണ് സംഭവം. സംഗീതം അധാര്‍മികമാണെന്നും അത് യുവാക്കളെ വഴി തെറ്റിക്കുമെന്നും ആരോപിച്ചാണ് താലിബാന്റെ നടപടി.
നഗരത്തിലെ കല്യാണമണ്ഡപങ്ങളില്‍ നിന്ന് ശേഖരിച്ച നൂറുകണക്കിന് ഡോളര്‍ വിലമതിക്കുന്ന സംഗീതോപകരണങ്ങളാണ് കൂട്ടിയിട്ട് കത്തിച്ചത്.
ഒരു ഗിറ്റാര്‍, രണ്ട് തന്ത്രിവാദ്യങ്ങള്‍, ഒരു ഹാര്‍മോണിയം, ഒരു തബല, ഒരു തരം ഡ്രം, ആംപ്ലിഫയറുകള്‍, സ്പീക്കറുകള്‍ എന്നിവയെല്ലാം കത്തിച്ച സംഗീതോപകരണങ്ങളില്‍ ഉള്‍പ്പെടുന്നു.
”സംഗീതം പ്രോത്സാഹിപ്പിക്കുന്നത് ധാര്‍മികതക്ക് നിരക്കുന്നതല്ല. അത് യുവാക്കളെ വഴിതെറ്റിക്കാന്‍ ഇടയാക്കും,” താലിബാനിലെ വിര്‍ച്യൂ ആന്‍ഡ് വൈസ് മന്ത്രാലയം (Ministry for the Promotion of Virtue and Prevention of Vice) മേധാവി അസീസ് അല്‍-റഹ്മാന് അല്‍-മുഹാജിര്‍ പറഞ്ഞു.
2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ, താലിബാന് കിരാത നിയമങ്ങളാണ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്.
പൊതുസ്ഥലത്ത് സംഗീതം പ്ലേ ചെയ്യുന്നത് നിരോധിക്കുന്നതും അതില്‍ ഉള്‍പ്പെടുന്നു. മേക്കോവറുകളും മേക്കപ്പും വളരെ ചെലവേറിയതും ഇസ്ലാമിക വിരുദ്ധവുമാമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച രാജ്യത്തുടനീളം ആയിരക്കണക്കിന് ബ്യൂട്ടി സലൂണുകളാണ് അടച്ചുപൂട്ടിയത്.
ബ്യൂട്ടി സലൂണുകള്‍ അടച്ചുപൂട്ടുന്നതിന് ഒരുമാസത്തെ സമയപരിധി അനുവദിച്ചിരുന്നു. ഇത് കഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് അടച്ചുപൂട്ടുന്നത് സംബന്ധിച്ച് അന്ത്യശാസനം താലിബാന് പുറപ്പെടുവിച്ചത്.
ബ്യൂട്ടിപാര്‍ലറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് കാബൂളില്‍ ചെറിയ തോതിലുള്ള പ്രതിഷേധത്തിന് ഇടയാക്കി. ബ്യൂട്ടീഷന്മാരും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും പുതിയ നിയമത്തിനെതിരേ പ്രതിഷേധിച്ചു.
പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിന് താലിബാന് ആകാശത്തേക്ക് വെടിയുതിര്‍ത്തു. വിലക്ക് പിന്‍വലിക്കാന്‍ ഐക്യരാഷ്ട്ര സഭ അഫ്ഗാന് അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
വിദ്യാഭ്യാസം നേടുന്നതില്‍ നിന്നും പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്നും സ്ത്രീകളെ താലിബാന് വിലക്കിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ പെണ്‍കുട്ടികള്‍ക്ക് കോളജുകളിലും യൂണിവേഴ്സിറ്റികളിലും പഠിക്കുന്നതിന് താലിബാന് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെ വനിതാ എന്‍ജിഒകളുടെ പ്രവര്‍ത്തനവും തടഞ്ഞു. ഇതിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ പഠിക്കുന്ന മിക്ക സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്.
പെണ്‍കുട്ടികള്‍ ആറാംക്ലാസ് വരെ പഠിച്ചാല്‍ മതിയെന്നാണ് താലിബാന്റെ നയം. അഫ്ഗാനിലെ വിദ്യാര്‍ഥിനികള്‍ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ എഴുതുന്നതില്‍ നിന്നും താലിബാന് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അഫ്ഗാനിസ്താനില്‍ താലിബാന് അധികാരം പിടിച്ചതിന് പിന്നാലെതന്നെ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ കര്‍ട്ടനിട്ട് വേര്‍തിരിച്ച പ്രത്യേക ക്ലാസ് മുറികള്‍ ഏര്‍പ്പെടുത്തുകയും പെണ്‍കുട്ടികളെ വനിതാ അധ്യാപകര്‍ മാത്രമേ പഠിപ്പിക്കാവൂ എന്ന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.