കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ ഭരണനേതൃത്വം തമ്മിലടിച്ചു.
ഉപപ്രധാനമന്ത്രിയും താലിബാൻ സഹസ്ഥാപകനുമായ മുല്ല അബ്ദുൾ ഗനി ബറാദറും ഭരണത്തിൽ നിർണായക സ്വാധീനമുള്ള ഹഖാനി ശൃംഖലയിലെ മുതിർന്ന നേതാവ് ഖലിൽ ഉർ റഹ്മാൻ ഹഖാനിയും തമ്മിൽ കാബൂളിലെ പ്രസിഡൻഷൽ പാലസിൽ രൂക്ഷമായ വാക്കേറ്റത്തിലേർപ്പെട്ടു.
അനുയായികൾ രണ്ടുപക്ഷത്തും നിലയുറപ്പിച്ചതോടെ സംഘർഷം രൂക്ഷമായി.
യുഎസിനെ പരാജയപ്പെടുത്താൻ ഏതു സംഘമാണു കൂടുതൽ പ്രവർത്തിച്ചതെന്നതായിരുന്നു തർക്കവിഷയം.
ഇടക്കാല സർക്കാരിന്റെ അധികാരവിഭജനം സംബന്ധിച്ചും വാക്കേറ്റമുണ്ടായെന്ന് മുതിർന്ന താലിബാൻ നേതാവ് ബിബിസിയോടു വെളിപ്പെടുത്തി. എന്നാൽ, താലിബാൻ നേതൃത്വം ഒൗദ്യോഗികമായി ഇക്കാര്യം നിരാകരിച്ചു.
മുല്ല ബറാദർ ദിവസങ്ങളായി പൊതുവേദിയിൽനിന്ന് അപ്രത്യക്ഷ്യനായതോടെയാണ് ഭരണനേതൃത്വത്തിലെ തമ്മിലടി പരസ്യമായത്.
ബറാദർ വെടിയേറ്റു മരിച്ചുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. തനിക്ക് വെടിയേറ്റിട്ടില്ലെന്നു കഴിഞ്ഞദിവസം ശബ്ദസന്ദേശത്തിലൂടെ ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.
കുറച്ചു ദിവസമായി യാത്രയിലായിരുന്നു. തന്റെ അസാന്നിധ്യം മുതലെടുത്ത് വ്യാജവാർത്തകൾ സൃഷ്ടിക്കപ്പെട്ടുവെന്നും ശബ്ദസന്ദേശത്തിൽ ബറാദർ പറഞ്ഞിരുന്നു.
അതേസമയം, യുഎസ് സർക്കാർ തലയ്ക്കു വിലയിട്ടിരിക്കുന്ന അഫ്ഗാൻ അഭയാർഥി കാര്യമന്ത്രി കൂടിയായ ഖാലിൽ ഉർ റഹ്മാനുമായുള്ള വാക്കേറ്റത്തെത്തുടർന്ന് ബറാദർ കാണ്ഡഹാറിലേക്ക് പോവുകയായിരുന്നു.
കഴിഞ്ഞയാഴ്ച അവസാനമായിരുന്നു വാക്കേറ്റമെന്ന് ഖത്തറിലെ മുതിർന്ന താലിബാൻ നേതാവും കാബൂളിലെ താലിബാന്റെ ഉന്നതനും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടക്കാല സർക്കാരിന്റെ ഘടനയിൽ ബറാദർ അതൃപ്തി പ്രകടിപ്പിച്ചതാണ് അഭിപ്രായവ്യത്യാസത്തിന്റെ തുടക്കം. താലിബാനിലുള്ളിലെ ഉൾപ്പോരുകളും വാക്കേറ്റത്തിന് ശക്തിപകർന്നു.
നയതന്ത്രചർച്ചകളിലൂടെ മുന്നോട്ടുപോകണമെന്ന നിലപാടാണ് ബറാദറിനെങ്കിൽ ആക്രമണത്തിലൂടെ അധികാരം ശക്തിപ്പെടുത്തണമെന്നതാണ് ഒരു വിഭാഗത്തിനുള്ളത്.
യുഎസ് പ്രസിഡന്റുമായി നേരിട്ട് സംസാരിച്ച താലിബാന്റെ ആദ്യ നേതാവാണ് ബറാദർ.
2020 ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി ഇദ്ദേഹം ടെലഫോണിൽ സംസാരിച്ചതോടെയാണ് ദോഹ കരാർ യാഥാർഥ്യമാകുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേന പിന്മാറുന്നത് ഇതോടെയാണ്.