കാബൂൾ: അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു താലിബാൻ സർക്കാർ ചട്ടങ്ങൾ പുറത്തിറക്കി.
പെൺകുട്ടികളെ പഠിക്കാൻ അനുവദിക്കുമെന്ന് ഉന്നവിദ്യാഭ്യാസ മന്ത്രി അബ്ദുൾ ബാഖ്വി ഹാഖാനി അറിയിച്ചു.
എന്നാൽ പെൺകുട്ടികളെ ആൺകുട്ടികൾക്കൊപ്പം ഇരുന്നു പഠിക്കാൻ അനുവദിക്കില്ല. പ്രൈമറി തലം മുതൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വെവ്വേറെയിരുത്തും.
പെൺകുട്ടികൾക്കു പ്രത്യേക വസ്ത്രധാരണം നിർബന്ധമായിരിക്കും. പെൺകുട്ടികളെ പഠിപ്പിക്കാൻ വനിതാ അധ്യാപകരില്ലെങ്കിൽ പുരുഷ അധ്യാപകർക്ക് കർട്ടനു പിറകിൽനിന്നു പഠിപ്പിക്കാവുന്നതാണെന്നു മന്ത്രി വിശദീകരിച്ചു.
1996 മുതൽ 2001 വരെ താലിബാൻ ഭരിച്ചപ്പോൾ പെൺകുട്ടികളെ പഠിക്കാൻ അനുവദിച്ചിരുന്നില്ല.
അമേരിക്കൻ സേന താലിബാനെ പുറത്താക്കിയതിനുശേഷമുള്ള രണ്ടു പതിറ്റാണ്ടിലാണ് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിച്ചുതുടങ്ങിയത്.
കോളജുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചാണു പഠിച്ചിരുന്നത്.
മിക്സഡ് സന്പ്രദായം അവസാനിപ്പിക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്ന് ഉന്നത വിദ്യാഭ്യാസ നയം അവതരിപ്പിച്ചുകൊണ്ട് മന്ത്രി ഹാഖാനി പറഞ്ഞു.
അവർ മുസ്ലിംകളാണെന്നും ഇത് അംഗീകരിച്ചോളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.