നായുടെ വാല് കുഴലിലിട്ടിട്ട് കാര്യമുണ്ടോയെന്ന ചോദ്യം സ്വയം ഒന്നുകൂടി ചോദിക്കേണ്ടി വരും താലിബാന് മാറ്റമുണ്ടാവുമെന്ന ശുഭപ്രതീക്ഷ മനസ്സില് വരുമ്പോള്.
പഴയതിലും വലിയ ഗോത്രീയത ഭരണത്തില് കൊണ്ടുവന്ന് ഒരു ജനതയെ നൂറ്റാണ്ടുകള്ക്ക് പിന്നിലേക്ക് കൊണ്ടുപോകാനുള്ള തത്രപ്പാടിലാണ് ഇവിടെ ചിലര്ക്ക് ‘വിസ്മയ’മായ ഭീകരഭരണകൂടം.
പൊതുജന മദ്ധ്യത്തില് നടപ്പാക്കുന്ന വധശിക്ഷ, കല്ലെറിയല്, ചാട്ടവാറടി, കൈകാലുകള് മുറിച്ചു കളയല് തുടങ്ങിയ ഇസ്ലാമിക രീതിയിലുള്ള ശിക്ഷകള് നടപ്പിലാക്കണമെന്ന് അഫ്ഗാനിസ്ഥാനിലെ പരമോന്നത ആത്മീയ നേതാവ് കോടതികള്ക്ക് നിര്ദ്ദേശം നല്കിയിരിക്കുന്നു എന്ന വിസ്മയകരമായ വാര്ത്തയാണ് ഇപ്പോള് പുറത്തു വന്നിരിക്കുന്നത്.
ഒരു വിഭാഗം ജഡ്ജിമാരുമായുള്ള രഹസ്യ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ആത്മീയ നേതാവിന്റെ നിര്ബന്ധപൂര്വ്വം അനുസരിക്കേണ്ട ഈ നിര്ദ്ദേശം വന്നതെന്ന് താലിബാന് മുഖ്യ വക്താവ് സബീഹുള്ള മുജാഹിദ് തന്റെ ട്വീറ്റില് കുറിച്ചു.
ഹിബത്തുള്ള അഖണ്ഡ്സദ എന്ന പരമോന്നത നേതാവ് താലിബാന് അധികാരത്തിലേറിയതിനു ശെഷം കാണ്ഡഹാറില് നിന്നും രാജ്യത്തെ തന്റെ പരമാധികാരം ഉപയോഗിച്ച് ഭരിക്കുകയാണ്.
താലിബാന് സര്ക്കാര് അധികാരത്തില് വന്നശേഷം ഒരിക്കല് പോലും പൊതുവേദിയില് നിന്ന് ഇയാളുടെ ചിത്രങ്ങള് എടുക്കുകയോ, വീഡിയോ പകര്ത്തുകയോ ചെയ്തിട്ടില്ല.
അമേരിക്കന് സേനയുടെ പിന്മാറ്റത്തെത്തുടര്ന്ന് താലിബാന് അധികാരം പിടിച്ചെടുത്തപ്പോള് അവര് നല്കിയ ഉറപ്പായിരുന്നു 1996-2000 കാലത്തില് നിന്നുള്ള പൂര്ണമായ മനംമാറ്റം.
എന്നാല്, സാവധാനം ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഒന്നൊന്നായി കവര്ന്നെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
സ്ത്രീകള്ക്ക് വിദ്യാഭ്യാസം നിഷേധിച്ച് അവരെ ഇരുട്ടില് തള്ളുകയാണ് ആദ്യം ചെയ്തത്. പിന്നെ സ്ത്രീകള്ക്ക് പൊതു നിരത്തില് ബന്ധുവായ പുരുഷന്റെ ഒപ്പമല്ലാതെ നടക്കാനാവില്ലെന്ന നിയമം പാസാക്കി.
സ്ത്രീകളെ തൊഴിലിടങ്ങളില് നിന്ന് ആട്ടിപ്പായിക്കുകയായിരുന്നു അടുത്ത നടപടി. കള്ളന്മാരുടെയും തട്ടിക്കൊണ്ടു പോകല് കേസിലെ പ്രതികളുടെയും ലൈംഗികാതിക്രമങ്ങള് കാണിക്കുന്നവരുടെയും കേസ് ഫയലുകള് സസൂക്ഷ്മം പരിശോധിക്കണമെന്ന് അഖണ്ഡ്സദ ജഡ്ജിമാരോട് നിര്ദ്ദേശിച്ചതായി മുജാഹിദ് പറയുന്നു.
ശരിയത്തിന്റെ വ്യവസ്ഥകള് എല്ലാം അവരുടെ കേസുകളില് ഒത്തുവരികയാണെങ്കില്, നിങ്ങള് തീര്ച്ചയായും അത് പ്രയോഗിക്കണം എന്നും അയാള് ജഡ്ജിമാരോട് ആവശ്യപ്പെട്ടുവത്രെ.
ഇത് ശരിയത്ത് ഭരണമാണെന്നും, തന്റെ ആജ്ഞ അനുസരിക്കാന് എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും അഖണ്ഡ്സദ പറഞ്ഞതായും മുജാഹിദ് പറയുന്നു.
ഇതില് കൂടുതല് വിവരങ്ങള് പക്ഷെ മുജാഹിദ് വെളിപ്പെടുത്തിയില്ല. പഴയകാലത്തെ കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്ന പ്രാകൃത രീതികളിലേക്ക് താലിബാനും തിരിച്ചു നടക്കുകയാണെന്ന് പാശ്ചാത്യ മാധ്യമങ്ങള് പറയുന്നു.
കഴിഞ്ഞ ഏതാണ്ട് ഒരു വര്ഷക്കാലമായി അഫ്ഗാനിസ്ഥാനിലെ പ്രാകൃത ശിക്ഷകളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രത്യേകിച്ച് അടുത്ത കാലത്തായി, വിവിധ കുറ്റങ്ങള് ചെയ്തവരെ, താലിബാന് സൈനികര് ചാട്ടക്ക് അടിക്കുന്ന വീഡിയോകള് വൈറലാവുകയും ചെയ്തു.
അതുപോലെ, ചില തട്ടിക്കൊണ്ടു പോകല് കേസുകളിലെ പ്രതികളെ വധിച്ച് അവരുടെ മൃതദേഹം താലിബാന് പരസ്യമായി പ്രദര്ശിപ്പിക്കുകയും ചെയ്തിരുന്നു.
ചില ലൈംഗികാതിക്രമ കേസുകളിലെ പ്രതികളെ ഗ്രാമ പ്രദേശങ്ങളില് വെള്ളിയാഴ്ച്ച പ്രാര്ത്ഥനകള്ക്ക് ശേഷം ചാട്ടവാറുകൊണ്ട് അടിച്ചതായി റിപ്പോര്ട്ടുകള് വരുന്നുണ്ടെങ്കിലും അതൊന്നും സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും ‘വിസ്മയ’കരമായ പഴയകാലഘട്ടത്തിലേക്കുള്ള തിരിച്ചു പോക്കിലാണ് താലിബാന് എന്നാണ് എല്ലാ റിപ്പോര്ട്ടുകളും സൂചിപ്പിക്കുന്നത്.