രാജ്യത്തെ സ്ത്രീ സ്വാതന്ത്ര്യം തങ്ങളുടെ മുന്ഗണനാ വിഷയമല്ലെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം.
സ്ത്രീകള്ക്ക് ഏര്പ്പെടുത്തിയിരിക്കുന്ന വിലക്കുകള് നീക്കുകയെന്നത് സംഘടനയുടെ മുന്ഗണനയിലുള്ള കാര്യമല്ലെന്ന് താലിബാന് വക്താവ് സബീയുള്ള മുഹാജിദ് വ്യക്തമാക്കി.
സര്വകലാശാലകളിലും എന്ജിഒകളിലും സ്ത്രീകള്ക്ക് നിരോധനം ഏര്പ്പെടുത്തിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു താലിബാന് വക്താവ്.
ഇസ്്ളാമിക നിയമം മറികടക്കുന്ന ഒരു കാര്യവും രാജ്യത്ത് അനുവദിക്കില്ല. രാജ്യത്തു നടപ്പാക്കിയിരിക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാവും സ്ത്രീകള്ക്കെതിരായ വിലക്ക് സംബന്ധിച്ച വിഷയം പരിഗണിക്കുകയെന്നും സബീയുള്ള പറഞ്ഞു.
ശരിയ നിയമപ്രകാരം കാര്യങ്ങള് നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. ആ സാഹചര്യത്തില് അതിനെതിരായ ഒരു പ്രവര്ത്തനവും സര്ക്കാരിന് അനുവദിക്കാനാവില്ല.
രാജ്യത്തെ മതവിശ്വാസം കണക്കിലെടുക്കണമെന്നും മനുഷ്യത്വപരമായ സഹായങ്ങളും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്നും സബീയുള്ള പറഞ്ഞു.
അധികാരത്തിലെത്തിയതിന് പിന്നാലെ, സ്ത്രീകളുടെ അവകാശങ്ങള് ഹനിക്കില്ലെന്ന് താലിബാന് പ്രഖ്യാപിച്ചിരുന്നു.
എന്നാല് ഇതിന് പിന്നാലെ, സര്വകലാശാലകളില് സ്ത്രീകളെ വിലക്കി കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
ഇതിന് പിന്നാലെ സര്ക്കാര് ഇതര എന്ജിഒകളില് സ്ത്രീകള് ജോലിക്ക് പോകുന്നതും നിരോധിച്ചു. ഹിജാബ് ശരിയായി ധരിക്കാന് ഈ ജോലി തടസ്സമാണ് എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു വിലക്ക്.
പിന്നീട് പെണ്കുട്ടികള്ക്ക് മുഴുവനായും വിദ്യാഭ്യാസത്തില് നിന്നും വിലക്കേര്പ്പെടുത്തുകയും ചെയ്തു. വനിതകളെ വനിതാ ഡോക്ടര്മാര് മാത്രമേ ചികിത്സിക്കാന് പാടുള്ളൂ എന്നും അടുത്തിടെ ഉത്തരവ് ഇറക്കിയിരുന്നു.