കാബൂൾ: ശരീയത്ത് നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് 12 പേരെ ഫുട്ബോൾ മൈതാനത്ത് പരസ്യ മർദനത്തിന് വിധേയരാക്കി താലിബാൻ. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ലോഗർ പ്രവിശ്യയിലാണ് സംഭവം നടന്നത്.
മൂന്ന് സ്ത്രീകളടക്കം 12 പേരെ വ്യാഴാഴ്ചയാണ് ശിക്ഷാപ്രദർശനത്തിന് വിധേയരാക്കിയത്. മോഷണം, സദാചാരവിരുദ്ധ പ്രവർത്തനം,
സ്വവർഗാനുരാഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട ഇവരെ പൊതുജനമധ്യത്തിൽ ചാട്ടവാർ കൊണ്ട് മർദിക്കുകയായിരുന്നു.
21 മുതൽ 39 അടികൾ വരെ ശിക്ഷ നൽകിയ താലിബാൻ ഭരണകൂടം, ശിക്ഷാർഹരായ പുരുഷന്മാരെ തടങ്കിലാക്കുകയും സ്ത്രീകളെ വിട്ടയയ്ക്കുകയും ചെയ്തു.
ശിക്ഷാ നടപടികൾ വീക്ഷിക്കാനായി ആയിരക്കണക്കിന് ആളുകൾ മൈതാനത്ത് എത്തിയിരുന്നു.
താലിബാൻ രാജ്യഭരണം ഏറ്റെടുത്ത ശേഷം മൈതാനങ്ങളിൽ വധശിക്ഷ അടക്കമുള്ള നടപടികൾ നടത്തുന്നത് പതിവ് സംഭവമായി മാറിയിട്ടുണ്ട്.