അഫ്ഗാനില്‍ താലിബാന് ഭരണത്തിലേറിയതോടെ ആ രാജ്യത്തിന്റെ അവസ്ഥ അതിദാരുണമായി. സാമ്പത്തിക പ്രതിസന്ധിയ്ക്കൊപ്പം കടുത്ത ഭക്ഷ്യ പ്രതിസന്ധിയും അഫ്ഗാന് നേരിടുകയാണ്.
ഈ വേളയില്‍ ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ക്ക് എത്തിച്ചു നല്കിയ ഗോതമ്പിന്റെ ഗുണനിലവാരത്തെ കുറിച്ച് തുറന്നു പറയുകയാണ് താലിബാന്.
ഇന്ത്യ അയച്ചുനല്‍കിയ ഗോതമ്പ് മികച്ച നിലാവാരത്തിലുള്ളതാണെന്നും എന്നാല്‍ പാകിസ്താന് എത്തിച്ച് നല്‍കിയത് പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത മോശം ഗോതമ്പുമാണെന്ന് താലിബാന് നേതാക്കള്‍ തന്നെ വെളിപ്പെടുത്തുന്നത്.
സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ മികച്ച നിലവാരത്തിലുള്ള ഗോതമ്പ് നല്കിയ ഇന്ത്യയെ വാഴ്ത്തി അഫ്ഗാനിലെ മാധ്യമപ്രവര്‍ത്തകര്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്.
പിന്നാലെ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വീഡിയോയും തരംഗമാവുകയായിരുന്നു.
50,000 മെട്രിക് ടണ്‍ ഗോതമ്പാണ് മൊത്തത്തില്‍ ഇന്ത്യ അഫ്ഗാനില്‍ എത്തിച്ച് നല്‍കുന്നത്. ഒപ്പം ജീവന്‍രക്ഷാ മരുന്നുകളും നല്‍കുന്നുണ്ട്.
രണ്ടാം ഘട്ട ദൗത്യത്തിന്റെ ഭാഗമായി രണ്ടായിരം മെട്രിക് ടണ്‍ ഗോതമ്പുമായി വ്യാഴാഴ്ച പഞ്ചാബിലെ അമൃത്സറില് നിന്ന് വാഹനങ്ങള്‍ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചിരുന്നു.
ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൗത്യത്തിന്റെ ഭാഗമായാണ് ഇന്ത്യ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ച് നല്‍കുന്നത്.