അഫ്ഗാനില് താലിബാന് വീണ്ടും അധികാരത്തിലേറിയതോടെ അവിടുത്തെ സ്ത്രീകളുടെ ജീവിതം അക്ഷരാര്ഥത്തില് നരകതുല്യമായിത്തീര്ന്നിരിക്കുകയാണ്.
ഭരണം ഏറ്റെടുത്തതിനു തൊട്ടുപിന്നാലെ സ്ത്രീകള്ക്ക് കൂച്ചുവിലങ്ങിടുന്ന നടപടികളാണ് താലിബാന് ആദ്യം ആരംഭിച്ചത്.
സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസം, തൊഴില്, പൊതുയിടങ്ങളില് തനിച്ചുള്ള നടത്തം എന്നിവയെല്ലാം താലിബാന് നിരോധിച്ചിരുന്നു.
ഇപ്പോഴിതാ അഫ്ഗാനിസ്ഥാനിലെ ബാല്ഖ് പ്രവിശ്യയിലെ സ്ത്രീകള്ക്ക് ചികിത്സയ്ക്കായി പുരുഷ ഡോക്ടറെ കാണാന് കഴിയില്ല എന്ന പുതിയ നയം കൂടി വന്നിരിക്കുകയാണ്.
പബ്ലിക് അഫയേഴ്സ് ആന്ഡ് ഹിയറിങ് ഓഫ് താലിബാന് കംപ്ലയിന്റ്സ് ഡയറക്ടറേറ്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
അത് പ്രകാരം ഇവിടെ സ്ത്രീകള്ക്ക് ചികിത്സക്കായി പുരുഷ ഡോക്ടറെ കാണാന് അനുവാദമില്ല. അതോടെ, എന്തു ചെയ്യും എന്ന ആശങ്കയിലാണ് ജനങ്ങള്.
സ്ത്രീകള്ക്ക് സര്വകാലാശാല വിദ്യാഭ്യാസം നിഷേധിച്ച് അധികം വൈകും മുമ്പാണ് പുതിയ നിര്ദ്ദേശവുമായി താലിബാന് എത്തിയിരിക്കുന്നത്.
വാര്ത്താ ഏജന്സിയായ WIONന്റെ ഒരു പ്രത്യേക റിപ്പോര്ട്ടില് പറയുന്നത് പ്രകാരം, താലിബാന്റെ പുതിയ നയം സ്ത്രീ രോഗികളെ ചികിത്സിക്കുന്നതില് നിന്നും പുരുഷ ഡോക്ടര്മാരെ വിലക്കുന്നതാണ്. ഒപ്പം എല്ലാ ആശുപത്രികളിലും ഇത് സംബന്ധിച്ച പരിശോധനയും ഉണ്ടാകും.
അഫ്ഗാനിസ്ഥാനില് സ്ത്രീകളുടെ അവകാശങ്ങള് ഓരോന്നായി ഇല്ലാതാവുന്നതിനെ ചൊല്ലി കഴിഞ്ഞയാഴ്ചയാണ് യുഎന് സുരക്ഷാ കൗണ്സില് ആശങ്ക പ്രകടിപ്പിച്ചത്.
എത്രയും വേഗം സ്കൂള് തുറക്കണമെന്നും പെണ്കുട്ടികളോടും സ്ത്രീകളോടും താലിബാന് കാണിക്കുന്ന ഈ നയങ്ങള് തിരുത്തണം എന്നും പിന്നാലെ യുഎന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഗ്രൂപ്പ് ഓഫ് സെവന് രാജ്യങ്ങളും താലിബാനോട് വനിതാ തൊഴിലാളികള്ക്ക് ഏര്പ്പെടുത്തിയിരിക്കുന്ന ഈ നിരോധനം എത്രയും വേഗം നീക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്, ഇവയൊന്നും തന്നെ താലിബാന് കണക്കിലെടുത്തിട്ടില്ല. ഓരോ ദിവസവും സ്ത്രീകളെ വീട്ടിനുള്ളില് അടച്ചിടുന്ന നിയമങ്ങള് ആവിഷ്ക്കരിക്കുന്ന തിരക്കിലാണ് താലിബാന് ഭരണകൂടം.