കാഷ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ തങ്ങള്‍ കൈകടത്തില്ലെന്നും വ്യക്തമാക്കി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ വക്താവ് സുഹൈല്‍ ശഹീന്‍.
കാഷ്മീരിന്റെ പേരില്‍ ഇന്ത്യക്കെതിരെ താലിബാന്‍ തിരിയുന്നുവെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും ഇയാള്‍ വ്യക്തമാക്കി.
ഇസ്‌ളാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ പേരിലാണ് താലിബാന്‍ വക്താവ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
മറ്റു രാജ്യങ്ങളുടെ ആഭ്യന്തരവിഷയങ്ങളില്‍ താലിബാന്‍ കൈകടത്തില്ലെന്നും കാഷ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും ട്വീറ്റില്‍ പറയുന്നു.
കാഷ്മീരിന്റെ പേരില്‍ ഇന്ത്യക്കെതിരെ താലിബാന്‍ നേരിട്ടുള്ള ആക്രമണത്തിന് മുതിരുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സജീവമായിരുന്നു.
കാഷ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി സൗഹൃദം സാധ്യമല്ലെന്ന് താലിബാന്‍ വക്താവ് സബിഉല്ലാ മുജാഹിദ് പറഞ്ഞതായി വലിയ തോതില്‍ പ്രചരിച്ചിരുന്നു.
കാബൂളില്‍ അധികാരം പിടിച്ചെടുത്ത ശേഷം താലിബാന്റെ അടുത്ത ലക്ഷ്യം കാഷ്മീരാണെന്ന തരത്തിലായിരുന്നു പ്രചരണം.
സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാഷ്മീരിന്റെ പേരില്‍ ഇന്ത്യക്കെതിരെ താലിബാന്‍ തിരിയുന്നുവെന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കി താലിബാന്‍ വക്താവ് രംഗത്തെത്തിയത്.
എന്നാല്‍ താലിബാനില്‍ പാക്കിസ്ഥാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും സ്വതന്ത്ര നിലപാടുള്ളവരുമുണ്ട്. താലിബാന്റെ ഉന്നതാധികാര സമിതി ക്വറ്റ മേഖലയിലും സായുധ ആസ്ഥാനം പെഷവാറിലുമാണുള്ളത്.
ഇതു രണ്ടും പാക്കിസ്ഥാനില്‍ ആയതിനാല്‍ പാക്കിസ്ഥാന്റെ സമ്മര്‍ദ്ദം മൂലം താലിബാന്‍ ഇന്ത്യയ്‌ക്കെതിരേ തിരിഞ്ഞാലും അദ്ഭുതപ്പെടാനില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.