കാബൂൾ: താലിബാൻ ഭീകരർ മുന്നേറ്റം തുടരുന്നതിനിടെ യുഎസ് സൈന്യം വീണ്ടും അഫ്ഗാനിസ്ഥാനിലേക്ക്. നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും സുരക്ഷിതമായി തിരിച്ചയക്കാനാണ് യുഎസ് സൈന്യം അഫ്ഗാനിലേക്ക് എത്തുന്നത്. സൈന്യത്തിന്റെ ആദ്യസംഘം കാബൂളിലെത്തി. 3000 സൈനികരെയാണ് അഫ്ഗാനിലേക്ക് അയക്കുന്നത്.
നയതന്ത്രനീക്കങ്ങൾകൊണ്ട് താലിബാന്റെ മുന്നേറ്റം തടയാനാവില്ല എന്ന തിരിച്ചറിവിലാണ് അമേരിക്ക എംബസി ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്. കാബൂളിൽനിന്ന് പ്രതിദിനം ആയിരക്കണക്കിന് ആളുകളെ വ്യോമമാർഗം തിരിച്ചെത്തിക്കാനാണ് യുഎസ് ശ്രമിക്കുന്നത്.
അടുത്ത 30 ദിവസത്തിനുള്ളിൽ താലിബാൻ കാബൂളിൽ പ്രവേശിക്കുമെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.ബ്രിട്ടനും തങ്ങളുടെ പൗരൻമാരെ ഒഴിപ്പിക്കുന്നതിനായി 600 സൈനികരെ അയച്ചിട്ടുണ്ട്. ഡെൻമാർക്കും നോർവയും ഇതിനകം എംബസി അടച്ചു.
കാനഡയും തങ്ങളുടെ ജീവനക്കാരെ ഒഴിപ്പിക്കാനായി പ്രത്യേക സൈനിക വിഭാഗത്തെ അയയ്ക്കും. കാബൂളിന് 80 കിലോമീറ്റർ മാത്രം അകലെയുള്ള ലോഖാർ പ്രവിശ്യയും വെള്ളിയാഴ്ച താലിബാൻ പിടിച്ചെടുത്തു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാറും അടുത്തുള്ള നഗരമായ ലഷ്കർ ഗായും പടിഞ്ഞാറ് ഹെറാത്തും താലിബാൻ പിടിച്ചെടുത്തു.
ഇപ്പോൾ അഫ്ഗാന്റെ പ്രവിശ്യാ തലസ്ഥാനങ്ങളിൽ മൂന്നിലൊന്നും താലിബാനാണ് നിയന്ത്രിക്കുന്നത്.യുഎസ്-നാറ്റോ സേനകൾ പിന്മാറാൻ തുടങ്ങിയതോടെയാണു താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാൻ പിടിച്ചെടുക്കാൻ തുടങ്ങിയത്. രാജ്യത്തിന്റെ മൂന്നിൽരണ്ടും താലിബാന്റെ നിയന്ത്രണത്തിലാണ്.
ഓഗസ്റ്റ് അവസാനത്തോടെ സൈനിക പിന്മാറ്റം പൂർത്തീകരിക്കാനുള്ള തീരു മാനത്തിൽ പുനഃപരിശോധന യില്ലെന്നാണ് അമേ രിക്കയുടെ നിലപാട്. താലിബാൻ നിയന്ത്രിത പ്രദേശങ്ങളിൽനിന്നുള്ള ജനങ്ങളുടെ പലായനം വലിയ മനുഷ്യപ്രതിസന്ധിക്കിടയാക്കുമെന്ന് യുഎൻ മുന്നറിയിപ്പു നല്കി.