കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലെത്തി ദിവസങ്ങൾ പിന്നിട്ടതോടെ ഭരണം താലിബാന് തലവേദനയായി മാറിയെന്നു വിദഗ്ധർ.
ജീവനോടെയുണ്ടെന്നുകാണിച്ച് ശബ്ദസന്ദേശം പുറത്തിറക്കാൻ ഉപപ്രധാനമന്ത്രി മുല്ലാ അബ്ദുൾ ഗനി ബറാദർ നിർബന്ധിതനായത് വരുംദിവസങ്ങളിലെ സംഘർഷത്തിന്റെ തുടക്കമായാണ് വിലയിരുത്തലുകൾ.
ബറാദറും ഹഖാനി ശൃംഖലയിലെ മുതിർന്ന നേതാവ് ഖലിൽ ഉർ റഹ്മാൻ ഹഖാനിയും തമ്മിൽ കാബൂളിലെ പ്രസിഡൻഷൽ പാലസിൽ രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് ബറാദർ പൊതുവേദിയിൽ നിന്ന് അപ്രത്യക്ഷനായി.
നേതൃത്വനിരയില്‍ സമാധാനം കാത്തുസൂക്ഷിക്കുന്നതിനൊപ്പം തകര്‍ന്നടിഞ്ഞ രാജ്യത്തെ പുനഃസൃഷ്ടിക്കുക എന്ന ദൗത്യമാണ് ഭരണപരിചയം ലവലേശമില്ലാത്ത താലിബാൻ മന്ത്രിസഭയ്ക്കുള്ളത്.
തീവ്രനിലപാടുകള്‍ പിന്തുടരുന്ന നേതാക്കൾപോലും മൃദുസമീപനത്തിലൂടെ ഐക്യത്തിനുശ്രമിക്കുന്നതായി തോന്നുമെങ്കിലും താലിബാൻ നേതൃത്വത്തിൽ കിടമത്സരവും വിഭാഗീയതയും ശക്തമായിത്തുടങ്ങിയെന്നാണ് ഓസ്ട്രേലിയയിലെ ലാ ത്രോബ് സര്‍വകലാശാലയിൽനിന്നുള്ള അഫ്ഗാന് വിദഗ്ധന്‍ നിയാമത്തുള്ള ഇബ്രാഹിമിയുടെ നിരീക്ഷണം.
ബറാദര്‍ ഉള്‍പ്പെടെ കാണ്ഡഹാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘവും അല്‍ക്വയ്ദ, പാക്ക്ചാരസംഘടനയായ ഐഎസ്ഐ എന്നിവരുമായി ബന്ധമുള്ള ഹഖാനി ശൃംഖലയും തമ്മിലാണ് രൂക്ഷഭിന്നത.
1990 ല്‍ ആദ്യതവണ താലിബാന് അധികാരത്തിലെത്തിയപ്പോള്‍ കാണ്ഡഹാര്‍ വിഭാഗത്തിനായിരുന്നു മേധാവിത്വം. ഇവര്‍ നിയന്ത്രണത്തിലാക്കിയ പല പ്രവിശ്യകളിലും ഹഖാനി ശൃംഖല വേരോട്ടമുണ്ടാക്കിക്കഴിഞ്ഞു.
സിറാജുദ്ദീൻ ഹഖാനിയുടെ സാന്നിധ്യത്തെത്തുടർന്ന് താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ പാശ്ചാത്യരാജ്യങ്ങൾ വിമുഖത പ്രകടിപ്പിക്കുകയാണ്.
യുഎസിൽ മരവിപ്പിച്ചിരിക്കുന്ന അഫ്ഗാൻ സെൻട്രൽ ബാങ്കിന്റെ റിസർവ് ധനം തിരിച്ചുനൽകുന്നതിനും ഹഖാനിയുടെ സാന്നിധ്യം തടസമാണ്. യുഎസ് കരിന്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭീകരനാണ് ഇയാൾ.
വിദേശരാജ്യങ്ങളുടെ അംഗീകാരം വൈകുന്നതും പണംതിരികെലഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതും പടിഞ്ഞാറാൻ രാജ്യങ്ങളുമായി ചർച്ചയ്ക്കു മുൻകൈയെടുത്ത ബറാദറിന്റെ പരാജയമായി വ്യാഖ്യാനിക്കപ്പെടും.
സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാനായി ഇറാനും റഷ്യയും വിമതസംഘങ്ങൾക്ക് സഹായം നൽകുമെന്നതാണ് മറ്റൊരു വെല്ലുവിളി.