ലണ്ടൻ: അഫ്ഗാനിസ്ഥാനിൽനിന്നു യുഎസ് സൈന്യത്തെ മുൻ നിശ്ചയപ്രകാരം, ഓഗസ്റ്റ് 31ന് മുന്പായി പിൻവലിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു താലിബാൻ.
അഫ്ഗാൻ വിഷയത്തിൽ ജി 7 രാജ്യങ്ങളുടെ അടിയന്തര യോഗം ചേരുന്നതിനു മുന്നോടിയായാണ് സൈന്യത്തെ പിൻവലിക്കുന്നതു നീട്ടിയാൽ രാജ്യത്തെ സ്ഥിതി കൂടുതൽ വഷളാക്കുമെന്ന് താലിബാൻ വക്താവ് ഡോ. സുഹൈൽ ഷഹീൻ ഖത്തറിൽ മുന്ന റിയിപ്പ് നൽകിയത്.
അഫ്ഗാനിസ്ഥാനിൽനിന്നു സൈന്യത്തെ പിൻവലിക്കുന്നതു വൈകിക്കാൻ യുഎസ്, യുകെ രാജ്യങ്ങൾ ആലോചിക്കുന്നുണ്ട്. അഫ്ഗാനിൽനിന്നു വിദേശപൗരന്മാരുടെ ഒഴിപ്പിക്കൽ സുഗമമാക്കുന്നതിനാണിത്.
സൈന്യത്തെ പിൻവലിക്കുന്നതിനുള്ള അവസാന തീയതി (ഡെഡ് ലൈൻ) യുഎസ് പ്രസിഡന്റ് ജോ ബൈഡനാണു പ്രഖ്യാപിച്ചത്.
ഡെഡ് ലൈൻ നീട്ടിയാൽ അതു റെഡ് ലൈനാകുമെന്ന് ഷഹീൻ സ്കൈ ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അഫ്ഗാൻ വിഷയത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് അടിയന്തര ജി7 യോഗം വിളിച്ചിട്ടുണ്ട്. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ,യുഎസ് രാജ്യങ്ങളുടെ സഖ്യമാണ് ജി7.
ബ്രിട്ടനാണു നിലവിൽ അധ്യക്ഷ പദവി. യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിലെ സാന്നി ധ്യം നീട്ടുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നതെന്ന് കരുതപ്പെടുന്നു.
മുന്നൂറോളം താലിബാൻകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
കാബൂൾ: വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീറിൽ താലിബാൻ ഭീകരരും അമറുള്ള സാലിഹിന്റെയും അഹമ്മദ് മസൂദിന്റെയും നേതൃത്വത്തിലുള്ള സൈന്യവും തമ്മിൽ പൊരിഞ്ഞ യുദ്ധം നടക്കുന്നതായി റിപ്പോർട്ട്.
താലിബാനു കീഴടങ്ങാത്ത പ്രവിശ്യയാണു പഞ്ച്ശീർ. അഫ്ഗാന്റെ കെയർടേക്കർ പ്രസിഡന്റായി പ്രഖ്യാപനം നടത്തിയ ആളാണ് മുൻ വൈസ് പ്രസിഡന്റായ അമറുള്ള സാലെ.
അന്ദരാബ് താഴ്വരയിൽ നടന്ന യുദ്ധത്തിൽ മുന്നൂറോളം താലിബാൻകാർ കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്. താലിബാനെ നേരിടാൻ ജനങ്ങളും രംഗത്തെത്തി.
പ്രതിരോധ സേന സലാംഗ് ഹൈവേയുടെ നിയന്ത്രണം ഏറ്റെടുത്തു. സലാംഗിൽ താലിബാൻ മുന്നേറ്റം വടക്കൻ പ്രതിരോധ സേന തകർത്തു. കപിസ മേഖലയിലും താലിബാനു തിരിച്ചടി നേരിട്ടു. ഇരുഭാഗത്തും ആൾനാശമുണ്ടായതായി റിപ്പോർട്ടുണ്ട്.
അതേസമയം, ബാഗ്ലാനിലെ ബാനി, പോളി ഹെസാർ, ദേഹ് സലാഹ് ജില്ലകൾ പിടിച്ചെടുത്തതായി താലിബാൻ വക്താവ് സാബെഹുള്ള മൊജാഹിദ് ട്വീറ്റ് ചെയ്തു.
എന്നാൽ, താലിബാൻ സേനയ്ക്കു കനത്ത തിരിച്ചടി നല്കിയതായി അമറുള്ള സാലെ അറിയിച്ചു.
അന്ദരാബ് താഴ്വരയിൽ മൂന്നു ജില്ലകൾ പിടിച്ചെടുത്തതായി താലിബാൻവിരുദ്ധ സൈന്യം അറിയിച്ചു. അഫ്ഗാനിലെ 34 പ്രവിശ്യകളിൽ താലിബാനു കീഴടങ്ങാത്ത ഏക പ്രവിശ്യയാണ് പഞ്ച്ശീർ.
ഇന്നലെ കാബൂൾ വിമാനത്താവളത്തിനു പുറത്തു നടന്ന വെടിവയ്പിൽ അഫ്ഗാൻ സൈനികൻ കൊല്ലപ്പെട്ടു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
ജർമൻ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിൽവച്ച് വെടിയേറ്റ ആറു പേർ തങ്ങളുടെ ചികിത്സയിലുണ്ടെന്ന് അഫ്ഗാനിസ്ഥാനിൽ ആശുപത്രികൾ നടത്തുന്ന ഇറ്റാലിയൻ സന്നദ്ധ സംഘടന അറിയിച്ചു.
ഇതേസമയം,അഫ്ഗാനിസ്ഥാൻ വിടാൻ ആയിരങ്ങളാണ് കാബൂൾ വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
വിമാനത്താവളത്തിലേക്കു പ്രവേശിക്കാനെത്തിയവരുടെ തിക്കിലും തിരിക്കിലും ഞായറാഴ്ച ഏഴു പേർ കൊല്ലപ്പെട്ടിരുന്നു.
വിമാനത്താവളത്തിനു പുറത്തുള്ള താലിബാൻകാർ ജനങ്ങളെ അടിച്ചൊതുക്കുകയാണ്. ആകാശത്തേക്കു നിറയൊഴിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്നുമുണ്ട്.