ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ പനിബാധിതർ ഏറെ എത്തിട്ടും പനി ക്ലിനിക്ക് തുടങ്ങിയിട്ടില്ല. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും പനി ക്ലീനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നുവെങ്കിലും പനി ക്ലീനിക്ക് ആരംഭിക്കാൻ ഇവിടെ നടപടി ആരംഭിച്ചിട്ടില്ല.
മഴക്കാലത്ത് പനി ബാധിച്ച് ധാരാളം പേർ എത്തുന്പോൾ ഇവിടെയുള്ള മൂന്നു ഡോക്ടർമാർ ട്രെയിനിംഗിനു പോയിരിക്കയാണ്. ചാലക്കുടി മാർക്കറ്റ് പരിസരത്ത് ഡങ്കിപ്പനി ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഒ.പി.വിഭാഗത്തിൽ പനി ബാധിതരുടെ വൻ തിരക്കാണ്. ഒ.പി.സമയം കഴിഞ്ഞാൽ രോഗികൾ എത്തുന്നത് കാഷ്വാലിറ്റി വിഭാഗത്തിലേക്കാണ്. ഇവിടെ ഒരു ഡോക്ടർ മാത്രമാണുള്ളത്.
കാഷ്വാലിറ്റിയിൽ രോഗികളുടെ വൻ തിരക്കാണ് കഴിഞ്ഞദിവസം കാഷ്വാലിറ്റിയിൽ എത്തിയ രോഗികൾ ഏറെ സമയം കാത്തുനിന്നിട്ടും ഡോക്ടറെ കാണാൻ കഴിയാതെ ബഹളമുണ്ടാക്കിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ 96 രോഗികളെ പരിശോധിച്ചിരുന്നു. ഇതിനിടയിലാണ് സൂപ്രണ്ടിന്റെ ബോധവൽക്കരണ ക്ലാസ്. അഡ്മിഷൻ നടപടികൾ പൂർത്തിയാക്കേണ്ട ജോലിയും കാഷ്വാലിറ്റിയിലുള്ള ഡോക്ടർ ചെയ്യണം.
കാഷ്വാലിറ്റിയിലേക്ക് മാത്രം ഏഴു ഡോക്ടർമാരെ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഈ ഡോക്ടർമാരിൽനിന്നാണ് മൂന്നുപേരെ ട്രെയിനിംഗിനു അയച്ചിരിക്കുന്നത്. ആശുപത്രി അധികാരിയുടെ വഴിവിട്ടുള്ള അധികാര ദുർവിനിയോഗമാണ് ആശുപത്രിയുടെ പ്രവർത്തനങ്ങളെ താളം തെറ്റിച്ചിരിക്കുന്നത്.
അർധരാത്രിയിൽബോധവത്കരണ ക്ലാസ്
ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുള്ള ഡോക്ടർമാർക്കും നഴ്സുമാർക്കും അർധരാത്രിയിൽ സൂപ്രണ്ടിന്റെ ബോധവത്കരണ ക്ലാസ്. കഴിഞ്ഞ ദിവസം രാത്രി 12 മണിക്കാണ് കാഷ്വാലിറ്റിയിലുള്ള ഡോക്ടറെയും നഴ്സുമാരെയും അടക്കം വിളിച്ചുകൂട്ടി സൂപ്രണ്ട് ബോധവത്കരണ ക്ലാസ് നടത്തിയത്. ഈ സമയം ആശുപത്രിയിലെത്തിയ രോഗികൾ സൂപ്രണ്ടിന്റെ നൈറ്റ് ബോധവത്കരണ ക്ലാസ് കഴിയുന്നതുവരെ കാത്തുനിൽക്കേണ്ടിവന്നു. അർധരാത്രിയിൽ ഡോക്ടർമാരെയും നഴ്സുമാരെയും വിളിച്ചുകൂട്ടി ക്ലാസ് നടത്തുന്ന സൂപ്രണ്ടിന്റെ നടപടിയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.