കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കാശുപത്രി മെഡിക്കൽ കോളേജ് നിലവാരത്തിലേക്ക്. 60 കോടിയുടെ വികസന പദ്ധതിയിലൂടെ താലൂക്കാശുപത്രിയെ രാജ്യാന്തര നിലവാരത്തിൽ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടികൾക്ക തുടക്കമായി.
കിഫ് ബി സാമ്പത്തിക സഹായത്തോടെയാണ് 60 കോടിയുടെ വികസന പദ്ധതിക്കുള്ള മാസ്റ്റർ പ്ലാൻ തയാറായിട്ടുള്ളത്. പദ്ധതി നടത്തിപ്പിനു മുന്നോടിയായി ഐഷാ പോറ്റി എംഎൽഎയുടെ നേതൃത്വത്തിൽ വികസന സമിതിയുടെയും മുനിസിപ്പൽ അധികൃതരുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സംയുക്ത യോഗം ഇന്നലെ ആശുപത്രിയിൽ ചേർന്നു.
ആശുപത്രിയിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി എഴുനിലയുള്ള പുതിയ കെട്ടിടം നിർമിക്കും. പേ വാർഡു്, വനിതാ പുരുഷ മെഡിക്കൽ വാർഡുകൾ, വനിതാ പുരുഷ സർജിക്കൽ വാർഡുകൾ, ആധുനിക ഓപ്പറേഷൻ തിയറ്റർ, സൈക്കാട്രിക് പീഡിയാട്രിക് വാർഡുകൾ, റേഡിയോളജി ആന്റ് ഇമേജിംഗ് സെന്റർ, മെഡിക്കൽ റി കാർഡു റൂം, മോർച്ചറി, ഹൗസ് കീപ്പിംഗ് എഞ്ചിനീയറിംഗ് വിഭാഗം ’അഡ്മിനിസ്ട്രേഷൻ വിഭാഗം, ഹോസ്റ്റൽ, റിസപ്ഷൻ, കൺസൾട്ടേഷൻ റൂമുകൾ, അൾട്രാസൗണ്ട് റൂം, എക്സ് റേ യൂണിറ്റ്, സി.റ്റി.സ്കാൻ വിഭാഗം, മാമോ പ്രാഫിറൂം, എംആർഐ സ്കാൻ റൂം, നഴ്സസ് സ്റ്റേഷൻ, ഡോക്ടേഴ്സ് ഓഫീസ്, രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സൗകര്യങ്ങൾ, കോൺഫറൻസ് ഹാൾ, സീവേജ് ട്രീറ്റുമെന്റ് സിസ്റ്റം, റിക്രിയേഷൻ യോഗ റൂം, സെക്യൂരിറ്റി സ്റ്റോർ റൂം എന്നിവയെല്ലാം പുതിയ ബഹുനില മന്ദിരത്തിൽ ഉൾപ്പെടും. ശുദ്ധജല വിതരണ സംവിധാനവും നിലവിൽ വരും.
കെഎസ്ഇബിയാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുള്ളത്. ഇത് ആരോഗ്യ വകുപ്പിന്റെ വിശദ പരിശോധനക്കു ശേഷം ഫണ്ടിംഗ് ഏജൻസിയായ കിഫ് ബിക്കു സമർപ്പിക്കും.അവർ അംഗീകരിക്കുന്നതോടെ ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് എംഎൽഎ യോഗത്തിൽ വ്യക്തമാക്കി.
പദ്ധതി പൂർത്തിയാകുന്നതോടെ മെഡിക്കൽ കോളേജിന്റെ നിലവാരത്തിലേക്ക് ആശുപത്രി ഉയരുമെന്നും ലോക ബാങ്ക് സഹായത്തോടെ ആധുനിക ട്രോ മോകെയർ യൂണിറ്റു സ്ഥാപിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
യോഗത്തില്‍ നഗരസഭാധ്യക്ഷ ബി .ശ്യാമളയമ്മ അധ്യക്ഷത വഹിച്ചു . ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എസ് .ഷംല , കെഎസ് ഇ ബി സീനിയര്‍ ഡെപ്യുട്ടി ചീഫ് എന്‍ജിനീയര്‍ രാധാകൃഷ്ണന്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷാജഹാന്, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ .ബിജു നെല്സന് എന്നിവര്‍ പ്രസംഗിച്ചു .ആര്‍ക്കിടെക് മഹേഷ് പദ്ധതി രൂപരേഖ വിശദീകരിച്ചു