പുനലൂർ: പുനലൂർ താലൂക്ക് ആശുപത്രിയിൽ നിർമാണം പൂർത്തിയായി വരുന്ന പുതിയ ബഹുനില മന്ദിരത്തിൽ സ്ഥാപിക്കാൻ വേൾഡ് മലയാളി കൗൺസിൽ 20 ടി.വി നൽകുന്നു. ആശുപത്രിയിൽ എത്തുന്നവരുടെ മാനസികോല്ലാസവും മറ്റും ഉദ്ദേശിച്ചാണിത്. നിലവിൽ സംഗീതം കേൾക്കാനുള്ള സൗകര്യം ഈ ആശുപത്രിയിലുണ്ട്.
32 ഇഞ്ച് വലിപ്പമുള്ള എൽ.ഇ.ഡി ടി.വികളാണ് നൽകുന്നത്. ഇതിന് മൂന്നുലക്ഷത്തോളം രൂപ ചെലവാകും. പുതിയ ആശുപത്രിയിലേക്ക് ആവശ്യമായ 6000 ബഡ്ഷീറ്റുകൾ കൂടി നൽകണമെന്ന ആശുപത്രി അധികൃതരുടെ ആവശ്യം പരിഗണിക്കുമെന്നും കൗൺസിൽ ഗ്ലോബൽ പ്രസിഡൻറ് ഗോപാലപിള്ള അറിയിച്ചു.
കിഫ്ബി അനുവദിച്ച 68.17 കോടി രൂപ ചെലവിൽ പത്ത് നിലയുള്ള കെട്ടിടത്തിെൻറ പൂർത്തീകരണം അവസാനഘട്ടത്തിലാണ്. മാർച്ച് മാസത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ കെട്ടിടത്തിലേക്ക് മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നത് ഉൾപ്പടെ 85 കോടിയോളം രൂപയുടെ ചെലവ് കണക്കാക്കുന്നതായി നഗരസഭ ചെയർമാൻ കെ. രാജശേഖരൻ, ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ എന്നിവർ പറഞ്ഞു.
സമഗ്രമായ ആരോഗ്യ സംവിധാനം ഒരുക്കുന്നതിലേക്കായി കൂടുതൽ രോഗി സൗഹൃദ പദ്ധതികൾ നടപ്പാക്കേണ്ടതിന്റെ ഭാഗമായാണ് ടി.വി അടക്കം സൗകര്യങ്ങൾ ഒരുക്കുന്നത്. പ്രവാസികളുടേതടക്കം സന്നദ്ധ സംഘടനകളുടേയും മറ്റും സഹായത്താൽ അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്.
നാളെ ആശുപത്രി അങ്കണത്തിൽ നടക്കുന്ന ടി.വി വിതരണ ചടങ്ങ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ അധ്യക്ഷത വഹിക്കും. ഡബ്ല്യു.എം.സി ഗ്ലോബൽ ചെയർമാൻ ഡോ. പി.ഐ ഇബ്രാഹീം അടക്കം സംഘടന നേതാക്കൾ പങ്കെടുക്കും.
1995 ജൂലൈയിൽ അമേരിക്കയിലെ ന്യൂജേഴ്സിയിൽ രൂപകൊണ്ട ഈ സംഘടന ഇതിനകം കേരളത്തിൽ സുനാമി, പ്രളയം തുടങ്ങിയ ദുരന്തവേളകളിലടക്കം നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി മാതൃകയായി.ു