‘കോഴിക്കോട്: വടകരയിലെ താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം. മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചു. അഞ്ച് മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.
കൂടുതല്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വടകര സബ് ട്രഷറി ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്.ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. കാലപ്പഴക്കമുള്ള കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.
മുകളില്‍ ഓടിട്ട പഴക്കമുള്ള കെട്ടിടമായതിനാല്‍ വളരെ വേഗം തീ ആളിപ്പടരുകയായിരുന്നു. കംപ്യൂട്ടറുകള്‍, മറ്റ് രേഖകള്‍ എന്നിവയെല്ലാം പൂര്‍ണമായും കത്തിനശിച്ചു. എന്തൊക്കെ രേഖകള്‍ കത്തിനശിച്ചു എന്നത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ പിന്നീട് മാത്രമേ വ്യക്തമാകുകയുള്ളൂ.
ജില്ലാ റൂറല്‍ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. തീ അണച്ച ശേഷം മാത്രമേ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ കഴിയുകയുള്ളൂ. ആദ്യം ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്.
എന്നാല്‍ തീ അണയാത്ത പശ്ചാത്തലത്തില്‍ സ്ഥലത്തേക്ക് കൂടുതല്‍ യൂണിറ്റുകളെ എത്തിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ.രാജന് അറിയിച്ചു.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും തീപിടിത്തം എങ്ങനെയുണ്ടായി എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ആരോപണം ഉയര്‍ന്നതോടെയാണ് അന്വേഷിക്കുമെന്ന് മന്ത്രി അറിയിച്ചത്. സമഗ്ര അന്വേഷണം വേണമെന്ന് കെ.കെ.രമ എംഎല്‍എയും ആവശ്യപ്പെട്ടിട്ടുണ്ട്.