തളിപ്പറന്പ്: തളിപ്പറന്പ് താലൂക്ക് ഓഫീസ് കെട്ടിടം സ്വാതന്ത്ര്യ സമര സ്മൃതി സ്മാരകമായി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാവുന്നു. 1910 ൽ നിർമിച്ച താലൂക്ക് ഓഫീസ് കെട്ടിടം 107 വയസു പിന്നിട്ടിട്ടും കാര്യമായ കേടുപാടുകളൊന്നുമില്ലാതെ തന്നെയാണ് പ്രവർത്തിക്കുന്നത്. ബ്രിട്ടീഷ് ഭരണക്കാലത്ത് തളിപ്പറന്പിലെ താലൂക്ക് കച്ചേരിയെന്ന നിലയിൽ കോടതിയും പോലീസ് സ്റ്റേഷനും ജയിലും ഇവിടെ തന്നെയായിരുന്നു. പതിനഞ്ചോളം ജയിൽ മുറികളാണ് അന്ന് ഇവിടെ ഉണ്ടായിരുന്നത്.
അവ ഇപ്പോൾ താലൂക്ക് ഓഫീസിന്റെ ഭാഗമായി വിവിധ ഓഫീസുകൾക്കായി വിട്ടുകൊടുത്തിരിക്കയാണ്. തുരുന്പ് പോലും പിടിക്കാത്ത 107 വർഷം പഴക്കമുള്ള ഇരുന്പഴികൾ ഇന്നത്തെ തലമുറയ്ക്ക് അത്ഭുതം തന്നെയാണ്. കരിങ്കല്ലുകൾ കൊണ്ട് നിർമിച്ച കട്ടിളകളും ഇഷ്ടിക പതിച്ച തറയും നൂറ്റാണ്ട് പിന്നിട്ടതിന്റെ പോറലുകളൊന്നും പുറത്തുകാണിക്കുന്നില്ല.
തളിപ്പറന്പിൽ പുതിയ റവന്യു ഡിവിഷൻ ഓഫീസ് കൂടി അനുവദിച്ചതോടെ നിലവിലുള്ള താലൂക്ക് ഓഫീസ് വളപ്പിൽ പുതിയ റവന്യൂ ടവർ നിർമിക്കണമെന്ന ആവശ്യം വീണ്ടും ഉയർന്നുവന്നിട്ടുണ്ട്.
താലൂക്ക് ഓഫീസും റവന്യു ഡിവിഷൻ ഓഫീസും വില്ലേജ് ഓഫീസും അടങ്ങുന്ന റവന്യു ടവറിനോടനുബന്ധിച്ച് കമേഴ്സ്യൽ കോംപ്ലക്സും ഓഡിറ്റോറിയവും കൂടി നിർമിക്കാൻ നിർദ്ദേശമുണ്ട്. ഇപ്പോൾ താലൂക്ക് ഓഫീസ് വളപ്പിൽ ഹാൻടെക്സ്, പഴംപച്ചക്കറി സഹകരണസംഘം, കാഞ്ഞിരോട് വീവേഴ്സ് സംഘം, സർക്കാർ ജീവനക്കാരുടെ കാന്റീൻ എന്നിവ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം പൊളിച്ചുമാറ്റിയായിരിക്കും നിർദ്ദിഷ്ട റവന്യു ടവർ പണിയുക.
നിർമാണം പൂർത്തിയായാൽ ടവറിൽ ഈ സ്ഥാപനങ്ങൾക്ക് സ്ഥലം അനുവദിക്കാനാണ് നിർദ്ദേശം. ഇത് കൂടാതെ നിലവിൽ 150 വർഷത്തിലേറെ പഴക്കമുള്ള സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലം ടൗണ്സ്ക്വയറിനായി ഏറ്റെടുത്ത് സബ് രജിസ്ട്രാർ ഓഫീസിന് റവന്യു ടവറിൽ സ്ഥലം അനുവദിക്കണമെന്നും നിർദ്ദേശമുണ്ട്. ജയിംസ്മാത്യു എംഎൽഎ ഇത് സംബന്ധിച്ച് മാസ്റ്റർ പ്ലാൻ തയാറാക്കി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.
പുതിയ തലമുറക്ക് പോയകാല ചരിത്രം പഠിക്കാൻ കഴിയുന്ന സമഗ്രമായ മ്യൂസിയം നിലവിലുള്ള താലൂക്ക് ഓഫീസിൽ ആരംഭിക്കണമെന്നും പൗരാണിക തനിമ നിലനിർത്തുന്ന രീതിയിൽ ജയിലറകൾ മാറ്റണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. പുരാവസ്തു വകുപ്പ് കണ്ടോന്താർ ജയിൽ ഏറ്റെടുത്തത് പോലെ 107 വർഷം പഴക്കമുള്ള ഈ കെട്ടിടവും ഏറ്റെടുക്കണമെന്നും തളിപ്പറന്പിന്റെ പോയകാല ചരിത്രം വിശദമാക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആരംഭിക്കുന്ന കാര്യവും പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.