ചെറുതോണി: ഇടുക്കി താലൂക്ക് ഓഫീസിലുണ്ട് വ്യത്യസ്തനാമൊരു തഹസീൽദാർ. വെളുപ്പിനുതന്നെ താലൂക്കോഫീസിലെത്തി വാഴ, കപ്പ തുടങ്ങിയവ കൃഷിചെയ്യാനായി സ്ഥലം ഒരുക്കുന്ന തിരക്കിലാണിദ്ദേഹം.
കാർഷിക കുടുംബത്തിൽ ജനിച്ചുവളർന്ന കഞ്ഞിക്കുഴി സ്വദേശിയായ വിൻസെന്റ് ജോസഫ് എന്ന തഹസീൽദാറാണ് റവന്യു വകുപ്പിനുതന്നെ മാതൃകയായിരിക്കുന്നത്.
കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി ജില്ല ഡബിൾ ലോക്ക് ഡൗണിലായിരിക്കയാണ്. മണിയാറൻകുടിയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചതിനാൽ ഇടുക്കി താലൂക്ക് ഓഫീസ് സ്ഥിതിചെയ്യുന്ന വാഴത്തോപ്പ് പഞ്ചായത്തിൽ കർശനനിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
റവന്യു ഉദ്യോഗസ്ഥർക്ക് അവധി നൽകിയിട്ടില്ലെങ്കിലും താലൂക്കോഫീസിലേക്ക് പൊതുജനങ്ങൾ വരുന്നില്ല. എങ്കിലും രാവിലെതന്നെ തഹസീൽദാർ ഓഫീസിലെത്തും.
ഓഫീസ് സമയത്തിനുമുന്പേ പറന്പിലെ പണികൾ ചെയ്തുതീർക്കാനായി ഒൗദ്യോഗിക വസ്ത്രങ്ങൾ അഴിച്ചുവയ്ക്കും. വസ്ത്രംമാറ്റി പിന്നെ മണ്‍വെട്ടിയും പണിയായുധങ്ങളുമായി കൃഷിയിടത്തിലേക്കിറങ്ങും.
മൂന്നേക്കർ സ്ഥലമാണ് ഇടുക്കി താലൂക്കോഫീസിനായി കെ എസ്ഇബി വിട്ടുനൽകിയത്. ഓഫീസ് കെട്ടിടത്തിനുപുറമെ കാടുകയറിയ സ്ഥലം വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കി മാറ്റുകയാണ് ഈ ഉദ്യോഗസ്ഥൻ.
ഓഫീസിൽ മറ്റു ജീവനക്കാരെത്തുന്നതിനുമുന്പേ ഇദ്ദേഹം കൃഷിപ്പണികൾ ചെയ്തുതീർക്കും. ഇപ്പോൾ സുഹൃത്തുക്കളിൽനിന്നും എത്തിച്ച ഞാലിപൂവൻ വാഴ നടാനായി കുഴിയെടുത്തുകൊണ്ടിരിക്കയാണ്. ഇനി കപ്പയും മറ്റു ദേഹണ്ഡങ്ങളും നട്ടുപിടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ തഹസീൽദാർ.