തലയോലപ്പറന്പ്: വെള്ള മൂർഖൻ ഇറുന്പയം നിവാസികളുടെ ഉറക്കം കെടുത്തി. വാവാ സുരേഷെത്തി മൂർഖനെ പിടികൂടിയെങ്കിലും കൈയിൽനിന്നും വഴുതിപ്പോയ മൂർഖൻ മാളത്തിലൊളിച്ചു.
വെള്ളൂർ പഞ്ചായത്തിൽ ഇറുന്പയം മഹാദേവക്ഷേത്രത്തിനു സമീപം ഏഴ്,എട്ട് വാർഡുകളുടെ അതിർത്തി പങ്കിടുന്ന ഇടയത്ത് കുടുംബത്തിന്റെ റബർത്തോട്ടത്തിൽ വ്യാഴാഴ്ച ഉച്ചയോടെ പുല്ലുപറിക്കാനെത്തിയ വീട്ടമ്മമാരാണു മൂർഖനെ ആദ്യം കണ്ടത്. തുടർന്ന് പഞ്ചായത്തംഗങ്ങളായ വി.സി. ജോഷി, റെജി അറാക്കൽ എന്നിവരുടെ നേതൃത്വത്തിൽ വൈകുന്നേരത്തോടെ വാവാ സുരേഷിനെ വിവരമറിയച്ചു.
നാട്ടുകാർ സമീപപ്രദേശങ്ങളിൽ വൈദ്യുത ലൈറ്റുകൾ സ്ഥാപിച്ച് കാവലിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെ വാവാ സുരേഷ് എത്തി മണിക്കൂറുകൾ നീണ്ട തെരച്ചിലിൽ മൂർഖനെ പിടികൂടിയെങ്കിലും കൈയിൽനിന്നു വഴുതിപ്പോയ മൂർഖൻ മാളത്തിലൊളിച്ചു. തുടർന്ന് നീണ്ട തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാവാതെ വന്നതോടെ ജെസിബി കൊണ്ടുവന്നു മണ്ണ് നീക്കംചെയ്തു നോക്കുന്നതിനിടയിൽ മൂർഖന്റെ ഏഴു മുട്ടകൾ കണ്ടെത്തി ഇതിൽ നാലെണ്ണം പൊട്ടിയ നിലയിലായിരുന്നു.
മൂർഖനെ കണ്ടെത്താനാവാതെ നിരാശനായ വാവാ സുരേഷ് വൈകുന്നേരം അഞ്ചോടെ പൊട്ടാതെ കിട്ടിയ മൂന്നു മുട്ടകളുമായി മടങ്ങുകയായിരുന്നു. മുട്ടകൾ വനപാലകരെ ഏൽപിക്കുമെന്നും സാമാന്യം വലിപ്പമുണ്ടായിരുന്ന ഇത്തരം വെള്ള മൂർഖൻ നാട്ടിൻപുറങ്ങളിൽ അപൂർവമായി മാത്രമേ കണ്ടുവരാറുള്ളൂവെന്നും വാവാ സുരേഷ് പറഞ്ഞു.
സംഭവമറിഞ്ഞപ്പോൾ മുതൽ മൂർഖനെ പിടികൂടുന്നതുകാണാൻ നാടിന്റെ നാനാദിക്കിൽനിന്നായി നൂറുകണക്കിനാളുകളാണ് ഇറുന്പയം ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയത്. ഇത്രയും വലിയ ജനക്കൂട്ടത്തിന്റെ കണ്ണുവെട്ടിച്ച് മൂർഖൻ കടന്നുകളഞ്ഞത് നാട്ടുകാരെ അതിശയിപ്പിക്കുന്നതോടൊപ്പം ഭീതിയിലാഴ്ത്തിയിരിക്കുകയുമാണ്.