തന്റെ വളർത്തുനായയ്ക്കു വേണ്ടി തെന്നിന്ത്യൻ താരം തമന്ന വെജിറ്റേറിയനായി. രോഗം വന്ന് പക്ഷാഘാതം സംഭവിച്ച തന്റെ അഞ്ചു വയസുകാരനായ നായയ്ക്കു വേണ്ടിയാണ് തമന്ന ഈ ത്യാഗം സഹിക്കുന്നത്.
ഇതിനെ കുറിച്ച് തമന്ന പറയുന്നതിങ്ങനെ. “ഞാനൊരു വലിയ മൃഗസ്നേഹിയാണ്. അതുപോലെ തന്നെ ഭക്ഷണപ്രിയയുമാണ്. നോണ്‍ വെജിറ്റേറിയൻ ഭക്ഷണശീലങ്ങൾ ഒഴിവാക്കുക എന്നത് എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്.
എന്നിരുന്നാലും കഴിഞ്ഞ മാസമാണ് ഇത്തരമൊരു ഉറച്ച തീരുമാനം എടുക്കേണ്ടി വന്നത്. എന്റെ പ്രിയപ്പെട്ട വളർത്തുനായ പെബിളിന് ഗുരുതരമായ അസുഖം വന്ന്, ശരീരം തളർന്നുപോയി. അവൻ ഞങ്ങൾക്ക് വെറുമൊരു നായ്ക്കുട്ടി മാത്രമല്ലായിരുന്നു, ഒരു കുടുംബാംഗം തന്നെയാണ്. അവനുമായി വല്ലാത്തൊരു അടുപ്പം തന്നെയുണ്ടെനിക്ക്. ആ അവസ്ഥ കണ്ടപ്പോൾ വേദന തോന്നി, ജീവിതത്തിൽ എനിക്കേറെ പ്രിയപ്പെട്ട എന്തെങ്കിലും അവനു വേണ്ടി ത്യജിക്കണമെന്നു തോന്നി. ബോധപൂർവ്വമായ ഒരു തീരുമാനം തന്നെയാണ് ഇത്’. തമന്ന പറഞ്ഞു.
“മത്സ്യ-മാംസാഹാരങ്ങൾ ഇഷ്ടപ്പെടുന്ന ഒരു സാധാരണ ഫാമിലിയിലാണ് ഞാൻ വളർന്നത്. അതുകൊണ്ട് തന്നെ നോണ്‍വെജ് ഉപേക്ഷിക്കുക അത്ര എളുപ്പമല്ല. എനിക്ക് നോണ്‍വെജിനോട് കൊതി ഇല്ലാഞ്ഞിട്ടല്ല, പക്ഷേ മനക്കരുത്തുണ്ടെങ്കിൽ ആ കൊതിയേയും അതിജീവിക്കാനാവും. നമ്മൾ എന്തു കഴിക്കുന്നോ അതാണ് നമ്മൾ എന്നു പറയാറില്ലേ, ഏറെ പ്രധാനമാണത്’. തമന്ന കൂട്ടിച്ചേർക്കുന്നു.