ബാഹുബലിയിൽ തനിക്കു പ്രാധാന്യം കുറഞ്ഞുപോയി എന്നു വിമർശിക്കുന്നവർക്കും സഹതപിക്കുന്നവർക്കും കളിയാക്കിയവർക്കും മറുപടിയുമായി നടി തമന്ന. ബാഹുബലി ചിത്രങ്ങളിലൂടെ പ്രഭാസ്, റാണ ദഗ്ഗുപതി, അനുഷ്ക ഷെട്ടി, തമന്ന ഭാട്ടിയ, സത്യരാജ്, രമ്യ കൃഷ്ണൻ തുടങ്ങിയ താരങ്ങളുടെ എല്ലാം ജീവിതം തന്നെ മാറി മറിഞ്ഞിരുന്നു. കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവാണ് ഇവരോരുത്തർക്കും ബാഹുബലി എന്ന ചിത്രം. എന്നാൽ നടി തമന്നയ്ക്ക് മാത്രം രണ്ടാം ഭാഗം പാളിപ്പോയിരുന്നു.
മറ്റെല്ലാ താരങ്ങൾക്കും ബാഹുബലി ഒന്നാം ഭാഗത്ത് ലഭിച്ചതിനെക്കാൾ പ്രാധാന്യം ബാഹുബലി ദ കണ്ക്ലൂഷനിൽ ഉണ്ടായി. എന്നാൽ തമന്നയ്ക്ക് മാത്രം, സംഭാഷണങ്ങൾ പോലുമില്ലാത്ത രണ്ടേ രണ്ട് രംഗങ്ങൾ മാത്രമാണ് ലഭിച്ചത്. ഇതിന്റെ പേരിൽ നടി ഏറെ വിമർശിക്കപ്പെടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ തമന്നയെ കളിയാക്കി ട്രോളുകളും വന്നു. എന്നാൽ തമന്ന അത് കാര്യമാക്കുന്നില്ല. എങ്ങനെയായിരുന്നാലും ബാഹുബലിയിലെ തന്റെ വേഷം എന്റർടൈൻമെന്റ് ആയിരുന്നില്ലേ എന്നാണ് തമന്ന ചോദിക്കുന്നത്.
ബാഹുബലിയിലെ ഓരോ കഥാപാത്രത്തെക്കുറിച്ചും എനിക്കറിയാം. രണ്ടാം ഭാഗത്തേക്ക് വരുന്പോഴുള്ള ആ കഥാപാത്രങ്ങളുടെ പ്രാധാന്യവും ആഴവും ഞാൻ മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രംഗം കുറഞ്ഞതിൽ വിഷമമില്ല എന്ന് തമന്ന പറഞ്ഞു. ബാഹുബലി ദ ബിഗിനിംഗിനെ സംബന്ധിച്ച് വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രമാണ് തമന്നയുടെ അവന്തിക.