തമിഴ് സിനിമയില്‍ ഇനി തമിഴ് അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാല്‍ മതിയെന്ന് തമിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി).
തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടില്‍ മാത്രം നടത്തണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ഇതു കൂടാതെ വേറെയും നിര്‍ദ്ദേശങ്ങളുണ്ട്.
ഇവ ലംഘിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിക്കുന്നു. തമിഴ് ചിത്രങ്ങളുടെ ചിത്രീകരണം തമിഴ്നാടിന് പുറത്ത് നടത്തരുതെന്നാണ് മറ്റൊരു നിര്‍ദേശം.
ഷൂട്ടിംഗ് സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിര്‍മ്മാതാക്കള്‍ക്ക് എഴുതി നല്‍കണം.
സംവിധായകന് കഥയുടെ രചയിതാവാണെങ്കില്‍, കഥയുടെ അവകാശത്തിന് പ്രശ്നമുണ്ടായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം.
രാജ്യത്ത് തന്നെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായങ്ങളിലൊന്നായ കോളിവുഡില്‍ നിരവധി ഇതരഭാഷാ താരങ്ങളാണ് അഭിനയിക്കുന്നത്.
നിരവധി മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴ് സൂപ്പര്‍താര ചിത്രങ്ങള്‍ വിദേശ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്നതും പതിവാണ്.
ഫെഫ്സിയുടെ പുതിയ നിര്‍ദേശങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണുയരുന്നത്.