പയ്യോളി: കവർച്ചകേസിൽ പിടികൂടാനെത്തിയ പ്രതി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് സംഘം നാടോടികളെ തല്ലിചതച്ചു. ഇന്നലെ അര്‍ദ്ധരാതി പയ്യോളി റെയില്‍വേ സ്റ്റേഷന് പരിസരത്ത് വെച്ചാണ് സംഭവം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാടോടികളുടെ കൂട്ട നിലവിളി കേട്ട് നാട്ടുകാര്‍ ഇടപെട്ടതോടെയാണ് തങ്ങള്‍ തമിഴ്നാട് പോലീസാണെന്നും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ എത്തിയതാനെന്നും സംഘം അറിയിച്ചത്. ഐഡി കാര്‍ഡും ഇവര്‍ കാണിച്ചു.
പ്രസ് സ്റ്റിക്കര്‍ ഒട്ടിച്ച വാഹനത്തിലാണ് പോലീസ് എത്തിയത്. സംശയം തോന്നിയ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പയ്യോളി പോലീസ് എല്ലാവരെയും സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. നിരവധി കവര്‍ച്ച, പിടിച്ചുപറി കേസുകളില്‍ പ്രതിയായ മുത്തുമാരന് എന്ന പ്രതിയെ പിടികൂടാനാണ് മധുരയില്‍ നിന്നുള്ള എസ്ഐ ഉള്‍പ്പെടുന്ന അഞ്ചംഗ പോലീസ് സംഘം പയ്യോളിയില്‍ എത്തിയത്.
പ്രതി ഉള്‍പ്പെടെയുള്ള നാടോടികള്‍ താമസിക്കുന്ന പയ്യോളി റെയില്‍വേ സ്റ്റേഷന് പരിസരത്തുവച്ച് ഇയാളെ പിടികൂടാനായിരുന്നു ശ്രമം. എന്നാല്‍ കുളിക്കുകയായിരുന്ന പ്രതി പോലീസിനെ തിരിച്ചറിഞ്ഞ് ഓടി രക്ഷപ്പെട്ടു.
പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നാരോപിച്ചാണ് കൂടെയുണ്ടായിരുന്നവരെ തമിഴ്നാട് പോലീസ് സംഘം തല്ലിചതച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.