അങ്കമാലി: ബസ്യാത്രക്കാരിയുടെ മൂന്നേകാൽ പവന്റെ മാലയും മറ്റൊരു യാത്രക്കാരിയുടെ 13,000 രൂപയും മോഷ്ടിച്ച മൂന്ന് തമിഴ് സ്ത്രീകളെ അങ്കമാലി പോലീസ് പിടികൂടി. തമിഴ്നാട് രാമനാഥപുരം ഏർവാടി ദർഗ മന്നംതെരുവ് സ്വദേശി രാജുവിന്റെ ഭാര്യ നന്ദിനി(29), മന്നംതെരുവ് മാരിയുടെ ഭാര്യ രാധ എന്ന മിനിയമ്മ(50), മന്നംതെരുവ് സുരേഷിന്റെ ഭാര്യ ഇശകി അമ്മാൾ (31) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച കാലടിയിൽനിന്ന് അങ്കമാലിക്ക് സ്വകാര്യ ബസിൽ യാത്രചെയ്യുമ്പോൾ അതിരപ്പിള്ളി വെറ്റിലപ്പാറ പുഷ്പാംഗദന്റെ ഭാര്യ ഗിരിജയുടെ മൂന്നേകാൽ പവന്റെ സ്വർണമാലയും ബുധനാഴ്ച രാവിലെ 8.10ന് അങ്കമാലിയിൽ കെഎസ്ആർടിസിയിലെ യാത്രക്കാരിയായിരുന്ന ചൂർണിക്കര മണിവേലിപ്പറമ്പ് ശേഖരന്റെ ഭാര്യ സിന്ധുവിന്റെ ബാഗിൽ നിന്ന് 13,000 രൂപയും ആണ് മോഷ്ടിച്ചത്. മോഷണം നടത്തുമ്പോൾ ഉടമകളുടെ മുന്നിലും പിന്നിലും സമീപത്തുമായിനിന്ന് അനാവശ്യതിരക്കുണ്ടാക്കി ശ്രദ്ധതിരിച്ചശേഷം ഒരാൾ ചുരിദാർ ഷാൾ കൊണ്ട് ഹാൻഡ് ബാഗ് മറച്ചാണ് മോഷണം നടത്തിയത്.
സിന്ധുവിന് ശമ്പളം കിട്ടിയ പണമായിരുന്നു ബാഗിലുണ്ടായിരുന്നത്. പ്രതികളുടെ പേരിൽ കേരളത്തിലെ മിക്ക ജില്ലകളിലും സമാനമായ കേസുകളുണ്ട്. മാല നഷ്ടപ്പെട്ട സ്ത്രീ കാലടിയിൽ അമ്പലത്തിൽ പോയി തിരികെവരുമ്പോൾ ബസിൽ നിന്നിറങ്ങുന്ന സമയത്തു മേഷ്ടാക്കളിൽ ഒരാൾ തടസപ്പെടുത്തുകയും പിന്നിൽ നിന്നു മറ്റൊരു പ്രതി മാല പൊട്ടിച്ച്ഓട്ടോയിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. ആദ്യ ദിവസം കാലടിയിൽനിന്നു സ്വകാര്യ ബസ് മോഷണത്തിനു തെരഞ്ഞെടുത്ത പ്രതികൾ രണ്ടാം ദിവസം ആലുവയിൽനിന്നു കെഎസ്ആർടിസിയിൽ കയറുകയായിരുന്നു.
ബസിൽ മോഷണം പതിവായതിനെത്തുടർന്ന് മഫ്ടിയിൽ വനിതാ പോലീസിനെ നിയോഗിച്ച് അന്വേഷണം നടത്തുമ്പോഴാണ് പ്രതികളെ അങ്കമാലിയിൽനിന്ന് ചാലക്കുടി ബസിൽ കയറാൻനിൽക്കുമ്പോൾ പിടികൂടിയത്. പ്രതികൾ മോഷണത്തിന് മുന്പ് ബ്യൂട്ടി പാർലറിൽപോയി അണിഞ്ഞൊരുങ്ങി എത്തുന്നതിനാൽ കണ്ടുപിടിക്കാൻ പ്രയാസമാണെന്ന് പോലീസ് പറഞ്ഞു.
അന്വേഷണ സംഘത്തിൽ അങ്കമാലി സിഐ മുഹമ്മദ് റിയാസ്, എസ്ഐ പി.ജെ. നോബിൾ, സിപിഒ ജിസ്മോൻ, റോണി, വനിത എഎസ്ഐ ആൻസി, ജിനി, ഇന്ദു എന്നിവരാണ് ഉണ്ടായിരുന്നത്. പരാതിക്കാർ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അങ്കമാലി കോടതിയിൽ ഹാജരാക്കി മൂന്നു പേരെയും റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്നു പോലീസ് അറിയിച്ചു.