ഗാന്ധിനഗർ: കോവിഡ് 19 സംശയിച്ച് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച അതിഥിത്തൊഴിലാളി മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ബിഹാർ സ്വദേശി ശിവ പൂജൻ (25) ആണ് മരിച്ചത്.
പത്തനംതിട്ട ഇലന്തൂരിൽ ഇൻറർലോക്ക് കന്പനിയിലെ തൊഴിലാളിയായിരുന്നു. പനിയും ചുമയും ബാധിച്ചതിനെത്തുടർന്ന് കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവിടെ സ്രവ പരിശോധനയ്ക്ക് സാംപിൾ ശേഖരിച്ചിരുന്നു. ഇന്നലെ രാത്രി രോഗം മൂർച്ചിച്ചതിനെ തുടർന്ന് രാത്രി 9.30 ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
മെഡിസിൻ ക്രിറ്റിക്കൽ കെയർ യൂണിറ്റിൽ കഴിയുകയായിരുന്ന ശിവ പൂജൻ ഇന്ന് രാവിലെ ആറിന് മരിച്ചു. കോഴഞ്ചേരി ആശുപത്രിയിൽ നിന്ന് സ്രവ പരിശോധന ഫലം ലഭിച്ച ശേഷമേ മൃതദേഹം വിട്ടുനൽകുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.