ആലുവ: രാഷ്ട്രീയത്തിലേക്കിറങ്ങുന്ന പ്രമുഖ തമിഴ് നടന്റെ ഫാൻസ് ഗ്രൂപ്പിൽനിന്ന് പിരിഞ്ഞു പോയവർ തമ്മിലുള്ള തർക്കം മുറുകിയ ഫേസ്ബുക്ക് പേജിൽ അശ്ലീല കമന്റുകൾ അതിരുവിട്ടു. കല്ലൂർക്കാട് സ്വദേശിയുടെ പരാതിയിൽ അശ്ലീല കമന്റുകളിട്ട നീണ്ടൂർ സ്വദേശി ഹരിശങ്കർ (27), വെളിയന്നൂർ സ്വദേശി ജോജിൻ ജോണി (23) എന്നിവരെ ആലുവ സൈബർ പോലീസ് സംഘം അറസ്റ്റു ചെയ്തു.
തമിഴ് സൂപ്പർ സ്റ്റാറിന്റെ ഫാൻസ് അസോസിയേഷനിൽനിന്ന് കല്ലൂർക്കാട് സ്വദേശി പിരിഞ്ഞ് പോയി മറ്റൊരു തമിഴ് നടന്റെ ഫാൻസിൽ ചേർന്നതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ഈ നടന്റെ ഭാര്യയും നടിയാണ്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും വ്യക്തിഹത്യ നടത്തുന്ന പോസ്റ്റുകൾ, അശ്ലീല കമന്റുകൾ എന്നിവ ഇട്ടതാണ് പുതിയ നിയമപ്രകാരം പ്രതികളുടെ അറസ്റ്റിൽ കലാശിച്ചത്.
പ്രതിയായ ഹരിശങ്കറിന് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിന് പുറമേ മൂന്ന് ഫേക്ക് അക്കൗണ്ട് ഉണ്ട്. രണ്ട് ഫാൻ ഫൈറ്റിംഗ് ഗ്രൂപ്പിലും ഇയാൾ അംഗമാണ്. ഫേക്ക് അക്കൗണ്ടുകൾ വഴിയാണ് അശ്ലീല പോസ്റ്റുകളും കമന്റുകളും ഇടുന്നത്. ജോജിൻ ജോണിക്കും ഫേക്ക് അക്കൗണ്ടുണ്ട്.
സമാന വിഷയത്തിൽ 2021 ൽ യുവാക്കൾ കല്ലൂർക്കാട് പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരേ പരാതി ലഭിച്ചിരുന്നു. അത് പരിഹരിച്ചതാണെന്ന് പോലീസ് അറിയിച്ചു. ഇൻസ്പെക്ടർ ആർ. റോജ്, സബ് ഇൻസ്പെക്ടർമാരായ സി.ആർ ഹരിദാസ്, എം.അജേഷ്, എ.എസ്.ഐ ആർ.ഡെൽജിത്ത് തുടങ്ങിയവർക്കാണ് അന്വേഷണച്ചുമതല.