ചെന്നൈ: തമിഴ്നാട്ടിൽ ദുരഭിമാന കൊല തുടർകഥ ആകുന്നു. താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്ത പേരിൽ ദമ്പതികളെ വീടിനുള്ളിൽ കൊലപ്പെടുത്തിയ ദുരന്തത്തിന്റെ നടുക്കം മാറും മുൻപേ നഗരത്തെ വിറപ്പിച്ച് മറ്റൊരു ദുരഭിമാന കൊല കൂടി. ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ 19 വയസുകാരി ഐശ്വര്യയാണ് കൊല്ലപ്പെട്ടത്. ഐശ്വര്യയെ പിതാവും ബന്ധുക്കളും ചുട്ടുകൊല്ലുകയായിരുന്നു.
അന്യ ജാതിക്കാരനായ നവീനുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. ഡിസംബർ 31ന് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞു. അതേസമയം മകളെ കാണാനില്ലെന്ന് പറഞ്ഞ് ഐശ്വര്യയുടെ അച്ഛൻ പോലീസിൽ പരാതി നൽകിയിരുന്നു.
സംഭവത്തിൽ പോലീസ് ഇടപെട്ട് പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് അനുനയിപ്പിച്ച് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. വീട്ടിലേക്ക് മടങ്ങിയ ഐശ്വര്യയെ നവീൻ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ഫോൺ എടുക്കുകയോ മെസേജുകൾക്ക് മറുപടിയോ ലഭിക്കാതെ വന്നതോടെ നവീൻ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവും ബന്ധുക്കളും ചേർന്ന് പെൺകുട്ടിയെ ചുട്ടുകൊന്നു എന്ന വിവരം മനസ്സിലാക്കിയത്. സംഭവത്തിൽ പിതാവും നാല് ബന്ധുക്കളും പിടിയിലായതായി പോലീസ് അറിയിച്ചു.
ഏതാനും മാസങ്ങൾക്ക് മുൻപാണ് തമിഴ്നാട്ടിൽ ശരണ്യ, മോഹൻ എന്നീ ദമ്പതികൾ ദുരഭിമാന കൊലയ്ക്ക് ഇരയായത്. ഇര ജാതിയിൽ പെട്ട ശരണ്യയെ മോഹൻ വിവാഹം കഴിച്ചതോടെ ശരണ്യയുടെ വീട്ടുകാർക്ക് ആ ബന്ധത്തിൽ താല്പര്യമില്ലായിരുന്നു.
എന്നാൽ വീട്ടിലേക്ക് ഇരുവരേയും വിരുന്നു വിളിക്കുന്നു എന്ന വ്യാജേനെ ശരണ്യയുടെ സഹോദരൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയും വീടിനുള്ളിൽവച്ച് വെട്ടി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ജാതിയുടെ പേരിൽ തമിഴ്നാട്ടിൽ ദുരഭിമാന കൊലകൾ തുടർക്കഥയായി മാറുന്നു.
സമാനമായ കൊലപാതകം ആയിരുന്നു തമിഴ്നാട്ടിലെ തൂത്തുകൂടിയിൽ നടന്ന മാരി സെൽവന്റേയും ഭാര്യ കാർത്തികയുടേയും കൊലപാതകം. രണ്ടുവർഷമായി പ്രണയത്തിലായിരുന്ന മാരി സെൽവനും കാർത്തികയും ഒളിച്ചോടി വിവാഹം ചെയ്യുകയായിരുന്നു.
എന്നാൽ സാമ്പത്തികമായി കാർത്തികയുടെ കുടുംബം ഉയർന്ന നിലയിൽ ആയതിനാൽ തന്നെ മാരി സെൽവനെ സ്വീകരിക്കാൻ പെൺകുട്ടിയുടെ കുടുംബം തയാറായില്ല. ഇരുവരും തേവർ സമുദായത്തിൽപെട്ടവരായിരുന്നു. എന്നാൽ സാമ്പത്തികത്തിന്റെ കാര്യത്തിൽ പെൺകുട്ടിയുടെ കുടുംബം ഉന്നതിയിൽ ആയിരുന്നു. അതിന്റെ പേരിലാണ് ദമ്പതികളെ പെൺകുട്ടിയുടെ കുടുംബത്തിലുള്ളവർ വെട്ടിക്കൊലപ്പെടുത്തിയത്.
ഇതേ സാഹചര്യത്തിലാണ് തൂത്തുക്കുടി സ്വദേശികളായ രേഷ്മയും മണികരാജുവും മരിച്ചത്. കൂലിപ്പണിക്കാരനായ മണിക രാജുവിനെ രേഷ്മ വിവാഹം കഴിച്ചതിൽ പ്രകോപിതനായി പെൺകുട്ടിയുടെ പിതാവ് ഇരുവരുടെയും വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സ്ത്രീയും പുരുഷനും പകരം ജാതിയും മതവും തമ്മിലാണ് വിവാഹം കഴിക്കുന്നത്. നിയമങ്ങൾ കണ്ണടയ്ക്കുന്ന കാലത്തോളം ജാതിക്കൊലകളും ദുരഭിമാന കൊലകളും സമൂഹത്തിൽ മാറ്റമില്ലാതെ നിലനിൽക്കുന്നു.