താരത്തിളക്കത്തില്‍ തമിഴ്നാട് ബിജെപി. അധ്യക്ഷനായി എല്‍.മുരുകന് സ്ഥാനമേറ്റതിനു ശേഷം തമിഴ്നാട് ബിജെപിയില്‍ സിനിമരംഗത്തു നിന്നുള്ളവരുടെ നിറസാന്നിദ്ധ്യമാണ് കാണുന്നത്.
നടിമാരായ നമിതയെയും ഗൗതമിയെയും സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട നടി ഗായത്രി രഘുറാമിനെ തിരിച്ചെടുക്കുകയും സാംസ്കാരിക വിഭാഗത്തിന്റെ ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്.
നടനും നാടക പ്രവര്‍ത്തകനുമായ എസ്.വി. ശേഖറാണ് പുതിയ ഖജാന്‍ജി. ഗൗതമി, നമിത എന്നിവരെ കൂടാതെ നടിമാരായ മധുവന്തി അരുണ്‍, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിര്‍വാഹകസമിതി അംഗങ്ങളായി നിയമിച്ചു.
കഴിഞ്ഞ നവംബറിലാണ് നമിത ബി.ജെ.പി.യില്‍ ചേര്‍ന്നത്. നമിതയ്ക്കൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്ന നടന് രാധാരവിക്ക് പദവിയില്ല. നടി നയന്‍താരയ്ക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തെത്തുടര്‍ന്ന് ഡി.എം.കെ.യില്നിന്ന് നീക്കിയതിനു ശേഷമാണ് രാധാരവി ബി.ജെ.പി.യില്‍ ചേര്‍ന്നത്.
വിദ്യാഭാസ കാലത്ത് എബിവിപിയുടെ സജീവ പ്രവര്‍ത്തകയായിരുന്ന ഗൗതമി വര്‍ഷങ്ങളായി രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നു. 13 വര്‍ഷം ഒന്നിച്ച് താമസിച്ച നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസനുമായി 2016-ല്‍ പിരിഞ്ഞതിനുശേഷമാണ് ഗൗതമി ബി.ജെ.പി.യുമായി വീണ്ടും അടുത്തത്.