ചാത്തന്നൂർ: തമിഴ്നാട് സർക്കാർ ഉടമസ്ഥതയിലുള്ള തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ കേരളത്തിൽ നിന്നും തമിഴ്നാട്ടിലേയ്ക്ക് കൂടുതൽ സർവീസുകൾ നടത്തും. ആര്യങ്കാവിൽ നിന്നും തിരുനെൽവേലി, വൈക്കത്തു നിന്നും ചെന്നൈ, വേളാങ്കണ്ണി സർവീസുകളാണ് ആദ്യം ആരംഭിക്കുന്നത്.
നിലവിൽ കേരളം, തമിഴ്നാട് സർക്കാരുകൾ തമ്മിലുള്ള ധാരണപ്രകാരം അന്തർ സംസ്ഥാന സർവീസുകൾ ഇരു സംസ്ഥാനങ്ങളും നടത്തി വരുന്നുണ്ട്. കെഎസ്ആർടിസിതമിഴ്നാട്ടിലെയ്ക്ക് നടത്തുന്ന സർവീസുകൾക്ക് തുല്യമോ അതിലധികമോ സർവീസുകളാണ് തമിഴ്നാട്ടിലെ സ്റ്റേറ്റ് ട്രാൻസ്പോർട്ടു കോർപ്പറേഷനുകൾ കേരളത്തിലേയ്ക്ക് നടത്തുന്നുണ്ട്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും തമിഴ്നാട്ടിലെ വേളാങ്കണ്ണി പോലെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേയ്ക്കും വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്കും യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്.
ഇതിന് പകരം തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ ബസുകൾ കേരളത്തിലേയ്ക്ക് സർവീസുകൾ നടത്തുന്നില്ല. ഈ അപാകത ഒഴിവാക്കാനും ഇരു സംസ്ഥാനങ്ങളുടെയും പരസ്പരമുള്ള ബസ് സർവീസുകൾ സന്തുലിതാവസ്ഥയിലെത്തിക്കാനുമാണ് തമിഴ്നാട് കേരളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ നടത്തുന്നത്.
ഇത് തമിഴ്നാട്ടിലെയ്ക്കുള്ള യാത്രാക്ലേശത്തിനും പരിഹാരമാകും. വിദ്യാർത്ഥികൾക്കും തീർത്ഥാടകർക്കുമാണ് ഏറെ പ്രയോജനം ചെയ്യുക. തമിഴ്നാട് സ്റ്റേറ്റ് എക്സ് പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വൈക്കത്തു നിന്നും വൈക്കം -ചെന്നൈ, വൈക്കം -വേളാങ്കണ്ണി റൂട്ടുകളിലാണ് ബസ് സർവീസുകൾ തുടങ്ങുന്നത്.
വൈക്കത്തുനിന്നും കോട്ടയം കുമളി, തേനി, ചെമ്പെട്ടി, ദിബിഗൽ, ട്രിച്ചി (തൃശ്ശിനാപ്പള്ളി ) വഴിയാണ് ചെന്നൈയ്ക്ക് പോകുന്നത്. വൈകിട്ട് 3.30 ന് പുറപ്പെടുന്ന ബസ് രാവിലെ 8ന് ചെന്നൈയിലെത്തും. ചെന്നൈയിൽ നിന്നും വൈകിട്ട് 4ന് പുറപ്പെടുന്ന ബസ് രാവിലെ 8.30 ന് വൈക്കത്ത് എത്തും. 700 കിലോമീറ്ററാണ് ദൂരം. ടിക്കറ്റ് നിരക്ക് 810 രൂപയായിരിക്കും.
വൈകിട്ട് 4ന് വൈക്കത്ത് നിന്നും പുറപ്പെടുന്ന ബസ് കോട്ടയം, തെങ്കാശി , മധുര, തഞ്ചാവൂർ, നാനപ്പെട്ടണം വഴി രാവിലെ 7.45 ന് വേളാങ്കണ്ണിയിലെത്തും. വൈകിട്ട് 4.30 -ന് വേളാങ്കണ്ണിയിൽ നിന്നും പുറപ്പെടുന്ന ബസ് രാവിലെ 8 15 ന് വൈക്കത്ത് എത്തും. 715 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. 615 കിലോമീറ്റർ ദൂരം.
ആര്യങ്കാവിൽ നിന്നും ആര്യങ്കാവ് – തിരുനെൽവേലി എക്സ്പ്രസ്സ് സർവീസുകളും വ്യാഴാഴ്ച ആരംഭിക്കും. ചെന്നൈ ഡിപ്പോയിലെ രണ്ട് ബസുകളും നാഗപ്പട്ടണം ഡിപ്പോയിലെ രണ്ടു ബസുകളുമാണ് വൈക്കം-ചെന്നൈ, വൈക്കം -വേളാങ്കണ്ണി റൂട്ടുകളിൽ സർവീസ് നടത്തുക. തിരുനെൽവേലി ഡിപ്പോയിലെ രണ്ട് ബസുകളാണ് ആര്യങ്കാവ് തിരുനെൽവേലി കൂട്ടുകളിൽ ഓടുക.ഈ സർവീസുകൾ മലയാളികൾക്കും തമിഴ് നാട്ടുകാർക്കും ഏറെ പ്രയോജനപ്പെടുന്നതാണ്.
വൈക്കത്തു നിന്നുള്ള സർവീസുകളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 ന് വൈക്കം ഡിപ്പോയിൽ വച്ചും ആര്യങ്കാവിൽ നിന്നുള്ള സർവീസുകളുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 5 ന് ആര്യങ്കാവ് ഡിപ്പോയിൽ വച്ചും ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറും തമിഴ്നാട് ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കറും ചേർന്ന് നിർവഹിക്കും.
- പ്രദീപ് ചാത്തന്നൂർ