കോഴിക്കോട്: കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മാതൃകയുടെ മികവ് നേരിട്ടറിയാന്‍ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അന്പില് മഹേഷ് പൊയ്യമൊഴിയും സംഘവും ജില്ലയില്‍ സന്ദര്‍ശനം നടത്തി. മെഡിക്കല്‍ കോളേജ് കാമ്പസ് എച്ച്എസ് സ്കൂളിലാണ് തമിഴ്നാട് മന്ത്രി അന്പില് മഹേഷ് പൊയ്യമൊഴിയും സംഘവും സന്ദര്‍ശനം നടത്തിയത്.
കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകളിലെ അടിസ്ഥാന സൗകര്യവും പാഠ്യ-പാഠ്യേതര രംഗത്തുള്ള മുന്നേറ്റവും നേരിട്ടറിയാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് തന്റെ സന്ദര്‍ശനമെന്ന് അന്പില് മഹേഷ് പൊയ്യമൊഴി പറഞ്ഞു.
കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മനോജ് മണിയൂർ, കോഴിക്കോട് ഡിഇഒ ഷാദിയാബാനു, ആർഡിഡി സന്തോഷ് കുമാർ, പ്രിസം ഫൗണ്ടർ എ പ്രദീപ് കുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ഡോ. എൻ. പ്രമോദ്, പിടിഎ വൈസ് പ്രസിഡന്റ് റജുല, എസ്എംസി ചെയർമാൻ അഡ്വ. സി. എം ജംഷീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ചേർന്ന് അവരെ സ്വീകരിച്ചു.
സ്കൂളിന്റെ പശ്ചാത്തല വികസനം, കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി ക്ലാസ് മുറികളുടെ പ്രവര്‍ത്തന രീതികള്‍ എന്നിവയെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി അന്പില് മഹേഷ് പൊയ്യമൊഴി ചോദിച്ചറിഞ്ഞു. സമാന മാതൃക തമിഴ്നാട്ടിൽ കുട്ടികൾക്കായി നടപ്പാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപകരോടും കുട്ടികളോടും അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്തു.
കണ്ണൂര്‍ ജില്ലയിലെ എന്‍ഐഎഫ്ടി, കോഴിക്കോട് എന്‍ഐടി എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനുശേഷമാണ് മന്ത്രി സ്കൂളിലേക്ക് എത്തിയത്.