ചെന്നൈ: തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ. ആംസ്ട്രോംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗുണ്ടാനേതാവിനെ പോലീസ് വെടിവച്ചുകൊന്നു. സീസിംഗ് രാജ എന്ന കുപ്രസിദ്ധ ഗുണ്ടാത്തലവനെയാണ് ഏറ്റുമുട്ടലിൽ പോലീസ് കൊലപ്പെടുത്തിയത്.
ഒരാഴ്ചയ്ക്കിടെ ആംസ്ട്രോംഗ് വധക്കേസിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ഒളിവിലായിരുന്ന രാജയെ ആന്ധ്രാപ്രദേശിലെ കടപ്പയിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടിയ രാജയെ ചെന്നൈയിലെ നീലങ്കരൈ പ്രദേശത്തു കൊണ്ടുപോയി ഒളിപ്പിച്ച ആയുധങ്ങൾ കണ്ടെടുക്കുന്പോൾ പോലീസിനുനേരേ വെടിയുതിർത്തു. തുടർന്ന് പോലീസ് തിരിച്ചുവെടിവയ്ക്കുകയായിരുന്നു.
രാജയ്ക്കെതിരെ 33 കേസുകൾ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു. തന്റെ ഭർത്താവ് ഭക്ഷണം വാങ്ങാൻ പോയപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും ആംസ്ട്രോംഗിന്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും രാജയുടെ ഭാര്യ പറഞ്ഞു. കഴിഞ്ഞ ജൂലായ് അഞ്ചിന് പേരാമ്പ്രയിലെ പുതിയ വീട് സന്ദർശിക്കുന്നതിനിടെയാണ് ആംസ്ട്രോംഗിന്റെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്.