അരിക്കൊമ്പനു മേല്‍ തമിഴ്നാടിനും അവകാശമുണ്ടെന്നും ആനയെ പിടിച്ചു നിര്‍ത്തണമെന്ന് തമിഴ്നാടിന് വാശിയില്ലെന്നും തമിഴ്നാട് വനംമന്ത്രി എം.മതിവേന്ദന്.
അതിര്‍ത്തികള്‍ മനുഷ്യര്‍ക്ക് മാത്രമാണുള്ളത്. മൃഗങ്ങള്‍ക്കില്ല. കേരളത്തിനും തമിഴ്നാടിനും അരിക്കൊമ്പനുമേല്‍ ഒരേ അവകാശമാണുള്ളത്.
ജനവാസമേഖലയില്‍ സ്ഥിരമായി ശല്യമുണ്ടാക്കിയാല്‍ മാത്രമേ കൂട്ടിലടയ്ക്കൂവെന്ന് തമിഴ്നാട് വനംമന്ത്രി പറഞ്ഞു.
ആന ഒരു സ്ഥലത്ത് മാത്രം നില്‍ക്കുന്നുവെന്ന പ്രചാരണം ശരിയല്ല. അരിക്കൊമ്പന് കാട്ടില്‍ മൈലുകള്‍ ദിനവും സഞ്ചരിക്കുന്നുണ്ടെന്നും മതിവേന്ദന് പറഞ്ഞു.
ആനയുടെ മുറിവുകളെല്ലാം ഭേദമായി. അരിക്കൊമ്പന് പൂര്‍ണ ആരോഗ്യവാനാണ്. അനാവശ്യമായി ഒരുതവണ പോലും ആനയ്ക്ക് മയക്കുവെടി വച്ചിട്ടില്ല. മൂന്ന് തവണ ആലോചിച്ചിട്ടേ മയക്കുവെടിക്ക് മുതിര്‍ന്നിട്ടുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അരിക്കൊമ്പനെ മയക്കുമരുന്ന് വെടിവെക്കരുതെന്ന ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി രംഗത്തെത്തിയിരുന്നു.
അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി പൊതുതാല്പര്യ ഹര്‍ജി വരുന്നുവെന്ന് വിമര്‍ശിച്ച കോടതി, ആന കാട്ടില്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ക്ക് എന്തിന് അറിയണമെന്നും ചോദിച്ചു.
അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കുന്നത് വിലക്കണമെന്ന് ഹര്‍ജി സമര്‍പ്പിച്ചവര്‍ക്കെതിരെ 25000 രൂപ പഴിയീടാക്കണെമന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കോടതിയില്‍ പറഞ്ഞിരുന്നുവെങ്കിലും ഉത്തരവിന്റെ പകര്‍പ്പില്‍ പിഴ രേഖപെടുത്തിയിട്ടില്ലായിരുന്നു.
അരിക്കൊമ്പന് വിഷയവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു.
ആനത്താരയുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികളില്‍ കക്ഷി ചേരാനായിരുന്നു നിര്‍ദ്ദേശം. അരിക്കൊമ്പനെ തമിഴ്നാട്ടിലേക്ക് മാറ്റിയതിനെതിരെയും പശ്ചിമഘട്ടത്തിലെ വന്യമൃഗ മനുഷ്യ സംഘര്‍ഷം അവസാനിപ്പിക്കാനും ഇടപെടല്‍ തേടിയാണ് ഹര്‍ജി നല്‍കിയത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പരിസ്ഥിതി പ്രവര്ത്തകന് സി.ആര് നീലകണ്ഠന്, വി.കെ ആനന്ദന് എന്നിവരായിരുന്നു ഹര്‍ജിക്കാര്‍.